ഗുരുവായൂര്‍ ആനയോട്ട മത്സരത്തിൽ ജേതാവായി കൊമ്പൻ ഗോകുല്‍
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ചരിത്ര പ്രസിദ്ധമായ ആനയോട്ടം നടന്നു. മത്സരത്തിൽ വിജയിയായത് കൊമ്പൻ ഗോകുൽ ആണ്. കൊമ്പന്മാരായ ഗോകുൽ, ചെന്താമരാക്ഷൻ, കണ്ണൻ, രവികൃഷ്ണൻ, പിടിയാനയായ ദേവി എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. .കൊവിഡിന് ശേഷം അഞ്ച് ആനകൾ പങ്കെടുത്ത ആനയോട്ടമാണ് ഇക്കുറി നടന്നത്. ഗുരുവായൂരപ്പന്റെ 19 ആനകൾ ഉച്ചയോടെ മഞ്ജുളാൽ പരിസരത്ത് അണിനിരന്നു. ഇവരിൽ നാഴിക മണി മൂന്ന് അടിച്ചതോടെ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റുവാങ്ങിയ കുടമണികളുമായി പാപ്പാന്മാർ മഞ്ചുളാൽ പരിസരത്തേക്ക് ഓടി.
കുടമണികൾ ആനകൾക്ക് അണിയിച്ചതിന് പിന്നാലെ ശംഖനാദം ഉയർന്നു. ഇതോടെ അഞ്ച് ആനകളും മത്സരിച്ച് ഓടി.കാണികളുടെ ആർപ്പുവിളികൾക്കൊപ്പം കൊമ്പൻ ഗോകുൽ ഒന്നാമതായി ഓടിയെത്തി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പിന്നാലെ ചെന്താമരാക്ഷനും എത്തി. ഇനിയുള്ള 10 ദിവസം ജേതാവായ ഗോകുൽ ക്ഷേത്രത്തിലെ സ്വർണ്ണ തിടമ്പേറ്റും. ഉത്സവം അവസാനിക്കും വരെ ഗോകുൽ ക്ഷേത്രത്തിനകത്ത് തുടരും . മറ്റ് ആനകളാണ് കൊമ്പനുള്ള ഭക്ഷണം എത്തിച്ച് നൽകുക. രണ്ടാം തവണയാണ് ഗോകുല്‍ ജേതാവാകുന്നത്. 26 വയസ്സുള്ള ഗോകുല്‍ നിരവധി തവണ ആനയോട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും 2011ല്‍ മാത്രമാണ് വിജയിച്ചത്.