നാഷൻ ബിൽഡർ അവാർഡ് നസീർ നൊച്ചാടിന് നൽകി ആദരിച്ചു
സാമൂഹ്യ പ്രതിബദ്ധതയും അദ്ധ്യാപനത്തിലൂടെയുള്ള രാഷ്ട്ര നിർമാണം ലക്ഷ്യമാക്കിയുമുള്ള അസാമാന്യ വൈഭവം കാഴ്ചവെക്കുന്ന അദ്ധ്യാപർക്കു റോട്ടറി ഇന്റർനാഷണൽ നൽകി വരുന്ന നാഷൻ ബിൽഡർ അവാർഡ് പേരാമ്പ്ര എം എൽ എയായ ടി പി രാമകൃഷ്ണൻ, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ ശ്രീ നസീർ നൊച്ചാടിന് നൽകി ആദരിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് പി പി രാജ ബാലൻ നസീറിന് ഫലകം കൈമാറി.
റോട്ടറി സെക്രട്ടറി ജയരാജൻ കല്പകശ്ശേരി സ്വാഗതം പറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസിഡന്റ് രാജബാലൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് നാടിന് വേണ്ടി ചെയ്യുന്ന സൽപ്രവൃത്തികളെ അഭിനന്ദിച്ച എം എൽ എ രാഷ്ട്ര നിർമ്മാണത്തിൽ അദ്ധ്യാപകർക്കുള്ള പങ്കിനെക്കുറിച്ച് പ്രത്യേകം പരാമർശിക്കുകയുണ്ടായി.
അവാർഡ് ജേതാവ് നസീർ മറുപടി ഭാഷണം നടത്തി. വാർഡ് മെമ്പർ കെ മധു കൃഷ്ണൻ, പ്രിൻസിപാൾ കെ ഷമീർ, ഹെഡ്മാസ്റ്റർ പി പി അബ്ദുറഹ്മാൻ, ഡോ. കെ വി അബു, എ പി അസീസ്, എം ബിന്ദു ടീച്ചർ, റോട്ടറി എ ജി ഷംസുദീൻ, പി ടി എ അംഗം ടി കെ ജാഫർ എന്നിവർ ആശംസകളറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി സി നസീറ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.