Uncategorized

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി കടുത്ത ശിക്ഷ; കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി കടുത്ത ശിക്ഷ. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50,000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.

കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരത്ത് മാലിന്യം വലിച്ചെറിയരുതെന്നും വ്യവസ്ഥയുണ്ട്. മാലിന്യ നിക്ഷേപം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം തെറ്റാണെങ്കിൽ 10,000 രൂപ പിഴ ഒടുക്കേണ്ടിവരും. പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടി പരിസ്ഥിതിപ്രശ്നം ഉണ്ടായാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ശിക്ഷാനടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ പിഴ ചുമത്തും.

വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10,000 മുതൽ 50,000 രൂപ വരെ പിഴയും ആറുമുതൽ ഒരുവർഷംവരെ തടവും ലഭിക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്. കെട്ടിടം പൊളിച്ച മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പൊതുസ്ഥലത്തു തള്ളിയാലുള്ള പിഴ 10,000 രൂപയാക്കി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5,000 രൂപ ഈടാക്കും.

മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50 ശതമാനം പിഴയോടു കൂടി ഈടാക്കാനുള്ള വ്യവസ്ഥയും കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓർഡിനൻസിലും കേരള പഞ്ചായത്ത് രാജ് ഭേദഗതി കരട് ഓർഡിനൻസിലും ഉണ്ട്. ഗവർണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇതും നിലവിൽ വരും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button