മലയോര ഹൈവേയുടെ റൂട്ട് മാറ്റം: പുതിയ അലൈൻമെന്റ് ഉണ്ടാക്കുവാനുള്ള ശ്രമത്തിനെതിരേ ആക്ഷൻ കമ്മിറ്റി
മലയോര ഹൈവേക്കായി നേരത്തെ നിശ്ചയിച്ച റൂട്ട് മാറ്റാനുള്ളനീക്കം പ്രാബല്യത്തിലായാൽ ചെമ്പനോട മേഖല ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. തൊട്ടിൽപ്പാലത്തുനിന്ന് മുള്ളൻകുന്ന്, ചെമ്പനോട വഴി പെരുവണ്ണാമൂഴിയിലൂടെ കടന്നുപോകുന്ന വിധത്തിലായിരുന്നു നേരത്തെ തയ്യാറാക്കിയ അലൈൻമെന്റ്. പെരുവണ്ണാമൂഴിയിൽനിന്ന് ചെമ്പനോട വഴി പൂഴിത്തോട് വരെ നിലവിൽ പി.ഡബ്ല്യു.ഡി. റോഡുള്ളതാണ്.
ഓനിപ്പുഴപ്പാലം മുതൽ മൂത്തേട്ട് പുഴയ്ക്ക് കുറുകെയുള്ള പാലംവരെ ഒന്നര കിലോമീറ്ററോളംവരുന്ന മേഖലയാണിത്. വനമേഖലയിൽ റോഡ് വികസനത്തിന് അനുമതി ലഭിക്കാൻ തടസ്സം നേരിടുമെന്ന് കണക്കുകൂട്ടിയാണ് അധികൃതർ പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോഴുള്ള റോഡിന്റെ വശത്തുതന്നെ 12 മീറ്ററാക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
തൊട്ടിൽപ്പാലത്തുനിന്ന് മുള്ളൻകുന്ന് പന്തിരിക്കരവഴി പെരുവണ്ണാമൂഴിക്കടുത്തുള്ള താഴത്തുവയൽ വഴി കടന്നു പോകുന്ന വിധത്തിലാണ് ഇപ്പോൾ പരിഗണിക്കുന്ന പുതിയ അലൈൻമെന്റ്. ഇതുവരുന്നതോടെ ചെമ്പനോടയും സമീപഭാഗങ്ങളും ഒഴിവാക്കപ്പെടും.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാത വഴി മാറ്റുന്നതിനെതിരേ പ്രദേശവാസികൾ വലിയ നിരാശയിലാണ്. മലയോര ഹൈവേക്കായി വേണ്ട സ്ഥലം അടയാളപ്പെടുത്തി, സ്ഥലം വിട്ടുനൽകേണ്ടി വരുന്നവരുടെ യോഗമുൾപ്പെടെ വിളിച്ചുചേർത്ത് കാര്യങ്ങൾ ആലോചിച്ചശേഷമാണ് ഇപ്പോൾ പുതിയ അലൈൻമെന്റിന് ശ്രമം നടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പുതിയ അലൈൻമെന്റ് ഉണ്ടാക്കുവാനുള്ള ശ്രമത്തിനെതിരേ രംഗത്തിറങ്ങാൻ ചെമ്പനോടയിൽചേർന്ന ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 23-ന് രാവിലെ പത്തിന് പേരാമ്പ്ര പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തും. അതിനു മുന്നോടിയായി 20-ന് ഞായറാഴ്ച വൈകീട്ട് മലയോര ഹൈവേ ചെമ്പനോട മേഖല ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ചെമ്പനോടയിൽ ജനകീയ കൺവെൻഷനും ചേരും.