Uncategorized

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി റോയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി റോയിലെ മുന്‍ ഉദ്യോഗസ്ഥന്‍. ഹമീദ് അന്‍സാരി ഇറാന്‍ സ്ഥാനപതിയായിരുന്ന കാലത്ത് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ഇറാനിലെ റോ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ആരോപണം.

 

റോയിലെ മുന്‍ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദ് ആണ് ആരോപണവുമായി രംഗത്ത് വന്നത്. അന്‍സാരിയെ രണ്ടുതവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെയും എന്‍.കെ. സൂദ് ചോദ്യം ചെയ്യുന്നുണ്ട്.

 

ഹമീദ് അന്‍സാരി ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന കാലത്ത് എന്‍.കെ. സൂദിനെ ഇറാനിലേക്ക് റോ നിയോഗിച്ചിരുന്നു. 1990 മുതല്‍ 1992 വരെയാണ് അന്‍സാരി ഇറാനിലെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിരുന്നത്. കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കുന്നത് റോ നിരീക്ഷിച്ചിരുന്നു. ഈ വിവരം അന്‍സാരിയില്‍ നിന്ന്  ഇറാന്‍ അറിഞ്ഞു.

 

വിവരം പ്രയോജനപ്പെടുത്താന്‍ ഇറാന്‍ ചാര ഏജന്‍സിയായ സാവക് റോയുടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോവുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ഇറാനിലെ റോയുടെ ശൃംഖല തകരാന്‍ ഇത് ഇടയാക്കിയെന്നും എന്‍.കെ. സൂദ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സൂദ് പ്രധാനമന്ത്രിക്ക് കത്തെഴുതി.  അന്‍സാരിയും അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ  അഡീഷണല്‍ സെക്രട്ടറിയായിരുന്ന രത്തന്‍ സെയ്ഗളും ചേര്‍ന്ന് ഗള്‍ഫ് മേഖലയിലെ റോയുടെ യൂണിറ്റ് ഇല്ലാതാക്കിയെന്നും സൂദ് ആരോപിക്കുന്നു.

 

അന്‍സാരിക്കെതിരായ സൂദിന്റെ ട്വീറ്റിന്‌ മറുപടിയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നു. അന്‍സാരി കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നുവെന്നും യുപിഎ അദ്ദേഹത്തെ പിന്തുണയ്ക്കുകയായുമായിരുന്നുവെന്നാണ് സുബ്രഹമണ്യന്‍ സ്വാമി ആരോപിക്കുന്നു.

 

1961 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഹമീദ് അന്‍സാരി ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.

 

ഇറാന് പുറമെ യുഎഇ, ഓസ്‌ട്രേലിയ,അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

 

തുടര്‍ന്ന് 1993 മുതല്‍ 1995 വരെ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയായി. 2007 മുതല്‍ 2017 വരെയാണ് ഹമീദ് അന്‍സാരി ഇന്ത്യയുടെ 12-ാമത് ഉപരാഷ്ട്രപതി എന്ന പദവി വഹിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button