സിൽവർലൈനിൽ അനിശ്ചിതത്വം:ഒമ്പത് ജില്ലകളിൽ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു ; പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ
തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ അവസാനിച്ചിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല . കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല. വിജ്ഞാപനം ഉടൻ പുതുക്കി ഇറക്കുമെന്ന് കെ റെയിൽ അധികൃതർ അറിയിച്ചു.
അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ആവർത്തിച്ചു. സർവേ നടത്താൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത പദ്ധതിക്ക് സർവേ നടത്തുന്നത് അപക്വമായ നടപടിയെന്ന് റെയിൽവേ മന്ത്രാലയം വിമർശിച്ചു.
റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചത്. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.