ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമില്ലെന്ന് മന്ത്രി
ഇത്തവണ ഹജ്ജ് തീർത്ഥാടകരുടെ കാര്യത്തിൽ നിയന്ത്രണം ഉണ്ടാവില്ലെന്ന് സഊദി അറേബ്യ. 60 000 പേർക്ക് മാത്രമായിരിക്കും പ്രവേശനം എന്ന വാർത്ത സഊദി നിഷേധിച്ചു.
വൈറസ് ഇപ്പോഴും നിയന്ത്രണത്തിലായിട്ടില്ലാത്ത രാജ്യങ്ങളെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഓരോ രാജ്യങ്ങൾക്കായോ പ്രദേശങ്ങൾക്കായോ പ്രത്യേക നിയന്ത്രണങ്ങളോ നടപടികളോ പ്രഖ്യാപിക്കുകയില്ലെന്നും എത്തിച്ചേരുന്ന എല്ലാ ഹാജിമാരുടെയും സുരക്ഷാ മാത്രമാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് അൽ മുശാത് വ്യക്തമാക്കി. തീർത്ഥാടകരെ അയക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്ത്താർ അബ്ബാസ് നഖ്വ്വി പറഞ്ഞു. സഊദി നിശ്ചയിക്കുന്ന മുറയ്ക്കാവും ഇന്ത്യ ഹാജിമാരെ അയക്കുക.
ഈ വർഷം ഹാജിമാരെ അയക്കുകയില്ലെന്ന് ഇന്തോനേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ തീരുമാനമെടുത്തതെന്നും സഊദി അറേബ്യ ഹജ്ജ് വിമാനങ്ങൾ തുറന്നിട്ടില്ലെന്നതും ഹജ്ജിനായി പൗരന്മാരെ അയക്കാതിരിക്കാൻ കാരണമെന്നും ഇന്തോനേഷ്യ വ്യക്തമാക്കി. ഹജ്ജ് കർമ്മത്തിൽ ഏറ്റവും കൂടുതൽ പൗരന്മാരെ അയക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.