Uncategorized

ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയ സംഭവത്തില്‍ ദമ്പതിമാര്‍ക്ക് റെയില്‍വേ 95,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചെന്നൈ യാത്രയ്ക്കു വേണ്ടി തീവണ്ടിയില്‍ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയ സംഭവത്തില്‍ ദമ്പതിമാര്‍ക്ക് റെയില്‍വേ 95,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്. പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മിഷനാണ് വിധി പ്രസ്താവിച്ചത്.

കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയില്‍ ഡോ. നിതിന്‍ പീറ്റര്‍, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യില്‍ ഡോ. സരിക എന്നിവര്‍ നല്‍കിയ പരാതിയിലാണ്  ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍, തിരുവനന്തപുരം അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ തുടങ്ങിയവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി. 2017 സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയത്. ഇവര്‍ക്ക് 69, 70 നമ്പര്‍ ബര്‍ത്തുകളാണ് അനുവദിച്ചിരുന്നത്.

പാലക്കാട് ജങ്ഷനില്‍നിന്ന് ഇരുവരും വണ്ടിയില്‍ കയറിയപ്പോള്‍ ഇവര്‍ക്ക് അനുവദിച്ച 70-ാം നമ്പര്‍ ബര്‍ത്ത് മൂന്ന് അതിഥിത്തൊഴിലാളികള്‍ കൈയടക്കിയിരുന്നു. കൈവശം ടിക്കറ്റ് പരിശോധകന്‍ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാല്‍ തൊഴിലാളികള്‍ ബെര്‍ത്തില്‍നിന്ന് മാറാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു.
 

69-ാം നമ്പര്‍ ബെര്‍ത്ത് ചങ്ങല പൊട്ടിയതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. പാലക്കാട് സ്റ്റേഷന്‍ ഫോണ്‍ നമ്പറില്‍ പരാതിപ്പെട്ടപ്പോള്‍ വണ്ടി സ്റ്റേഷന്‍ വിട്ടതിനാല്‍ ടി ടി ആറിനെ സമീപിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ടി ടി ആര്‍ യാത്രയിലുടനീളം ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. തുടർന്ന് തിരുപ്പൂര്‍, കോയമ്പത്തൂര്‍ സ്റ്റേഷനുകളിലെ ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂര്‍ത്തിയാക്കേണ്ടിവന്നതായും ദമ്പതിമാര്‍ പരാതിയില്‍ വ്യക്തമാക്കി.

റെയില്‍വേ അധികൃതരുടെ വാദംകൂടി കേട്ട കമ്മിഷന്‍ പരാതി അംഗീകരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുകയില്‍ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്ടപരിഹാരമാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാര്‍ക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവുമാണ്. ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് വി വിനയ് മേനോന്‍, അംഗങ്ങളായ എ വിദ്യ, എന്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് വിധി പ്രസ്താവിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button