DISTRICT NEWSTHAMARASSERI

താക്കോല്‍ദാനം ഇന്ന് (ഒക്ടോബര്‍ 26) സുശീലദേവി ഇനി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നിര്‍മ്മിച്ച സ്‌നേഹഭവന്റെ തണലില്‍

സുശീലദേവി ഇനി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവന്റെ തണലില്‍. കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന വീട്ടില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷത്തിലാണ് സുശീലാദേവി. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് താമരശേരി വിദ്യാഭ്യാസ ജില്ലാ അസോസിയേഷന്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം  ഇന്ന് (ഒക്ടോബര്‍ 26) ഉച്ചക്ക് രണ്ട് മണിക്ക് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷണന്‍ നിര്‍വഹിക്കും.
താമരശേരി വിദ്യാഭ്യാസ ജില്ലയിലെ ആറ് ഉപജില്ലകളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ നടത്തിയ ‘വണ്‍ ഡേ കലക്ഷന്‍’ വഴിയാണ് വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരിച്ചത്. ചെമ്പ്രകുണ്ടയിലെ കനിവ് ചാരിറ്റബിള്‍ട്രസ്റ്റ്് സൗജന്യമായി നല്‍കിയ 4 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീടിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ കാരാട്ട് റസാക്ക് എംഎല്‍എയാണ് തറക്കല്ലിട്ടത്. തുടര്‍ന്ന് എട്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായി. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കട്ടില്‍, മേശ, അലമാര, പ്രഷര്‍ കുക്കര്‍ തുടങ്ങി വീട്ടിലേക്കാവശ്യമായ ഉപകരണങ്ങളും നല്‍കും.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് നല്‍കിയ വീടില്ലാത്തവരുടെ ലിസ്റ്റില്‍ നിന്നാണ് അസോസിയേഷന്‍ സുശീലാദേവിയെ തിരഞ്ഞെടുത്തത്. ഭര്‍ത്താവ് നേരത്തെ മരിച്ച ഇവര്‍ രണ്ടു പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് പോയതോടെ ഒറ്റക്കായിരുന്നു താമസം. അസോസിയേഷന്‍ ഭാരവാഹികള്‍ വീട്ടിലെത്തി ഇവരുടെ അവസ്ഥ കണ്ടതോടെ സുശീലദേവിക്ക് തന്നെ വീട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് പോയി ഉപജീവനം കഴിക്കുന്ന ഇവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷന്റെ തീരുമാനം.
കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂളില്‍ നടക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. വീട്ടുപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ കൈമാറും. കോഴിക്കോട് ഡിഇഒ എം മുരളി റിപ്പോര്‍ട്ട് അവതരിപ്പിക്കും
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button