വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡൽ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ പ്രമോദിന്


റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ജി വി എച്ച് എസ് എസ്സിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയതിലുള്ള ആദരവ് ഫയർ & റെസ്ക്യൂ ഓഫീസർ പി കെ പ്രമോദ് ഏറ്റുവാങ്ങി. ഉയർന്നു പറക്കാനുള്ള ചിന്ത വിദ്യാർത്ഥികളിലുണ്ടാവണമെന്ന് പി കെ പ്രമോദ് അഭിപ്രായപ്പെട്ടു.
എൻ സി സി, എസ് പി സി ,ജെ ആർ സി, എൻ എസ് എസ്, സ്കൂൾ സ്റ്റാഫ് ,പി ടി എ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ എച്ച്എം ടി അജിത കുമാരി ,അഷറഫ് എ കെ (പ്രിൻസിപ്പൽ ഇൻ ചാർജ്) ഷജിത ടി, സുചീന്ദ്രൻ (പി ടി എ പ്രസിഡണ്ട്) ജയരാജ് പണിക്കർ, ഹരീഷ് എൻ കെ, ശ്രീനേഷ് എൻ ,ജിനേഷ് കെ എം, രജിന ടി എൻ , നഫീസ . എ കെ, മാസ്റ്റർ നിവേദ്എ കെ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 28 വര്‍ഷമായി കാക്കൂര്‍ സ്വദേശിയായ പ്രമോദ് ഫയര്‍ സര്‍വ്വീസ് രംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്. കോഴിക്കോട്, മീഞ്ചന്ത, നരിക്കുനി, കുന്നംകുളം, നാദാപുരം ഫയര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്ത പ്രമോദ് രണ്ടുവര്‍ഷം ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള ദുബൈ പോര്‍ട്ടില്‍ ഫയര്‍ സര്‍വ്വീസ് രംഗത്തും പ്രവര്‍ത്തിച്ചു. മിഠായിത്തെരുവില്‍ പലതവണയായുണ്ടായ തീപ്പിടിത്തം, കട്ടിപ്പാറ, വിലങ്ങാട് മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍, 2018ലെ പ്രളയം തുടങ്ങിയതുള്‍പ്പെടെ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു പ്രമോദ്.
സേവന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെയായി 500ലേറെ ബോധവത്കരണ ക്ലാസുകളും പ്രമോദ് നടത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി കൊയിലാണ്ടിയില്‍ സേവനമനുഷ്ഠിക്കുന്നു. 2014ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വ്വീസ് മെഡലിനും പ്രമോദ് അര്‍ഹനായിരുന്നു.