യൂട്യൂബ് കമന്‍റ് ബോക്സിന്‍റെ സ്ഥാനം മാറുന്നു.!

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. യൂട്യൂബിലെ ഏറ്റവും മോശം ഇടം ഏതെന്ന് ചോദിച്ചാല്‍ പലരും കമന്‍റ് ബോക്സ് എന്ന് പറയും. അടുത്തിടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള യൂട്യൂബ് വിഭാഗത്തിലെ ചില കമന്‍റ് ബോക്സുകള്‍ യൂട്യൂബ് സസ്പെന്‍റ് ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാലപീഡനവും മറ്റും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള കമന്‍റുകളാണ് ഇവിടെ നിറഞ്ഞത്.

 

ഇതിന് പുറമേ യൂട്യൂബിന്‍റെ കമന്‍റ് ബോക്സില്‍ നിറയുന്ന വിദ്വേഷ കമന്‍റുകള്‍ എന്നും യൂട്യൂബിന് തലവേദനയാണ്. അതിനാല്‍ തന്നെ ഇന്ന് ഏറ്റവും കൂടുതല്‍പ്പേര്‍ യൂട്യൂബ് ഉപയോഗിക്കുന്ന മൊബൈലില്‍ ഈ കമന്‍റ് ബോക്സിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ യൂട്യൂബ് തയ്യാറെടുക്കുന്നു. അതായത് യൂട്യൂബ് ആപ്പുകളില്‍ കമന്‍റ് ബോക്സ് പ്രത്യേക പേജിലേക്കും മാറ്റും എന്നാണ്  XDA Developers റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

നിലവില്‍ യൂട്യൂബിന്‍റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് പതിപ്പുകളില്‍ കമന്‍റ് കാണുവാന്‍ വീഡിയോകള്‍ക്ക് അടിയിലേക്ക് നീങ്ങണം. എന്നാല്‍ വീഡിയോ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കമന്‍റ് ബോക്സിലെ ഒരു കമന്‍റ് കാണിക്കുന്നതായിരിക്കും പുതിയ രീതി. എന്നാല്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജിലേക്ക് പോയി മുഴുവന്‍ കമന്‍റ്സും കാണാം. അതേ സമയം യൂട്യൂബ് കമന്‍റുകളില്‍ ശ്രദ്ധിച്ച് ഒരു ഉപയോക്താവിനെ അതികം തളച്ചിടാതിരിക്കാനാണ് ഇത് ചെയ്യുന്നത് എന്നാണ് ചില ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

അതേ സമയം ഇപ്പോള്‍ കമന്‍റുകള്‍ കാണുവാന്‍ താഴെക്ക് സ്ക്രോള്‍ ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ രീതിയെന്നും സൂചനയുണ്ട്. എന്തായാലും പുതിയ കമന്‍റ് ബോക്സ് പരീക്ഷിക്കുന്നത് യൂട്യൂബ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

എളുപ്പത്തില്‍ ഉപയോക്താവിന് എന്തും കണ്ടെത്താന്‍ സാധിക്കുന്ന രീതികള്‍ ഞങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഒരു വീഡിയോ ഷെയര്‍ ചെയ്യാനും അതുമായി ഇന്‍ററാക്ട് ചെയ്യുക എന്നതുമാണ് ഒരു ഉപയോക്താവിന് പ്രധാനപ്പെട്ട കാര്യം. അതിനാല്‍ തന്നെ നാം ആദ്യം കാണുന്ന പേജില്‍ തന്നെ കമന്‍റുകള്‍ കാണുന്ന ചില രീതികള്‍ ഞങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. യൂട്യൂബിന്‍റെ ഒരു പരീക്ഷണമാണിത്. യൂട്യൂബ് ഇതിനോട് പ്രതികരിച്ചു.
Comments

COMMENTS

error: Content is protected !!