മരുതോങ്കര പഞ്ചായത്തില്‍ ഒപ്പം അദാലത്ത്; പരിഗണിച്ചത് 380 പരാതികള്‍

പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട കാര്‍ഡ് അന്ത്യോദയ അന്ന യോജന (എഎവൈ)യിലേക്ക് ഇത്ര പെട്ടന്ന് മാറി കിട്ടുവെന്ന് 83കാരിയായ ദേവി അമ്മ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ അപേക്ഷ നല്‍കി മിനുട്ടുകള്‍ക്കകം തന്നെ ഇവരുടെ റേഷന്‍ കാര്‍ഡ് എഎവൈയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. അദാലത്ത് നടന്ന മരുതോങ്കര സാംസ്‌കാരിക നിലയത്തില്‍ വെച്ച് തന്നെ എഎവൈയിലേക്ക് മാറ്റിയ റേഷന്‍ കാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് കെ എം സതിയില്‍ നിന്ന് ഏറ്റുവാങ്ങി നിറഞ്ഞ മനസോടെയാണ് താഴെകൊയിലാത്തുകണ്ടി ദേവി അമ്മക്ക് വീട്ടിലേക്ക് മടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മരുതോങ്കര പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ നടന്ന  അദാലത്തില്‍ ഇത്തരത്തില്‍ സാങ്കേതിക കുരുക്കുകളില്‍ കുരുങ്ങിക്കിടന്ന നിരവധി പേരുടെ ജീവിത പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്. 380 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

 

ഭിന്നശേഷിക്കാരനായ വട്ടകൈതയില്‍ ചന്ദ്രനും കള്ളാട് ഒറുവയില്‍ പി പി രാഗിണി എന്നിവരുടെയും റേഷന്‍ കാര്‍ഡുകള്‍ എഎവൈയിലേക്ക് മാറ്റി നല്‍കി. കവുങ്ങില്‍ നിന്ന് വീണ് 22 വര്‍ഷമായി കിടപ്പിലായ ഭര്‍ത്താവടങ്ങുന്ന രാഗിണിയുടെ കുടുംബത്തിന് ഏറെ ആശ്വാസമായി അദാലത്തിലെ നടപടി. സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 128 പരാതികളാണ് അദാലത്തിലെത്തിയത്. ഇതില്‍ ആറ് എണ്ണം അദാലത്തില്‍ വെച്ചുതന്നെ പരിഹരിച്ചു.

ഭിന്നശേഷിക്കാരനായ മകന്‍ ജോസഫ് ജെയിംസിന് തുടര്‍പഠനത്തിനുള്ള ആവശ്യവുമായാണ് അമ്മ റെക്‌സി അദാലത്തിനെത്തിയത്. കാവിലുംപാറ ബഡ്‌സ് സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന അധികൃതരുടെ ഉറപ്പ് ഇവര്‍ക്ക് ആശ്വാസമായി. കര്‍ഷക പെന്‍ഷന് അപേക്ഷിച്ച കാരണം വാര്‍ധക്യകാല പെന്‍ഷന്‍ പോലും കിട്ടുന്നില്ലെന്നായിരുന്നു മൊയിലോത്തറ മാമ്പിലാട് ബാലകൃഷ്ണന്റെ പരാതി. സംസ്ഥാനതലത്തില്‍ തന്നെ നിലനില്‍ക്കുന്ന പ്രശ്‌നമായതിനാല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായി ചര്‍ച്ച നടത്തി തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കി.

ചികിത്സക്കും മറ്റും തുടര്‍ച്ചയായി പോകേണ്ടതിനാല്‍ വീട്ടില്‍ നിന്ന് റോഡിലേക്കുള്ള ഇടവഴി റോഡാക്കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യവുമായാണ് ഭിന്നശേഷിക്കാരിയായ 21 കാരി ഉമ്മയോടൊപ്പം എത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചു. 40 ശതമാനം വികലാംഗയായിട്ടും 1995ല്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തന്നെ ജോലിക്ക് പരിഗണിക്കുന്നില്ലെന്നായിരുന്നു മൊയിലോത്ര കക്കട്ടില്‍ റീനയുടെ പരാതി. തൊഴില്‍ നല്‍കുന്നതില്‍ പരിഗണിക്കാനും തൊഴില്‍ പരിശീലനം നല്‍കാനും കുടുംബശ്രീ ജില്ലാ മിഷനിലേക്ക് അദാലത്തില്‍ ശുപാര്‍ശ ചെയ്തു.

 

ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് 25 പേര്‍ക്ക് നല്‍കി. 30 പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു. ലൈഫ് മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു.

മരുതോങ്കര ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, വൈസ് പ്രസിഡന്റ് സി പി ബാബുരാജ്, വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും  ജില്ലാതല സമിതി കണ്‍വീനറുമായ പി.സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!