പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയില്‍ 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും.ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍വഹിക്കും. പഞ്ചായത്ത് തലത്തിലും തുള്ളിമരുന്ന് വിതരണോദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍വാടികളിലുമായി 2193 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 55 ബൂത്തുകളും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായി തുള്ളിമരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് 54 മൊബൈല്‍ ബൂത്തും സജ്ജീകരിച്ചു. മേള, ഉത്സവം എന്നിവ നടക്കുന്നയിടങ്ങളിലായി തയ്യാറാക്കിയ നാല് ബൂത്തും ഉള്‍പ്പെടെ 2306 ബൂത്തുകളാണ് ജില്ലയില്‍ ഞായറാഴ്ച തുളളിമരുന്ന് വിതരണത്തിനായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുക.
Comments

COMMENTS

error: Content is protected !!