വാഹനങ്ങളിൽ നിശ്‌ചിത മാതൃകയിലുള്ള നമ്പർ പ്ലേറ്റ്‌ ഘടിപ്പിക്കണമെന്ന നിയമം പാലിക്കാത്തവർക്ക്‌ പിടിവീഴും

കോഴിക്കോട്‌:  നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിശ്‌ചിത മാതൃകയിലുള്ള നമ്പർ പ്ലേറ്റ്‌ ഘടിപ്പിക്കണമെന്ന നിയമം പാലിക്കാത്തവർക്ക്‌ പിടിവീഴും. കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന നിയമം  പാലിക്കാതെ പലരും ഫാൻസി നമ്പർ പ്ലേറ്റുകളാണ്‌ ഇപ്പോഴും ഉപയോഗിക്കുന്നത്‌. ഇത്തരക്കാരെ കുടുക്കാൻ വാഹന പരിശോധനയുമായി പൊലീസും സജീവമായിട്ടുണ്ട്‌.  കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  നടത്തിയ പരിശോധനയിൽ 48 വാഹന ഉടമകളിൽ നിന്നാണ്‌ പിഴ ഈടാക്കിയത്‌.
നിയമപ്രകാരം ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ നമ്പർ പ്ലേറ്റിന്റെ വലുപ്പം 200×100 മില്ലീമീറ്റർ ആയിരിക്കണം. കാറുകൾ ഉൾപ്പെടെയുള്ളവയുടേത്‌ 340 x 200×120 മില്ലീമീറ്ററുമായിരിക്കണം. നമ്പർ പ്ലേറ്റിലെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും   2.5 മില്ലീമീറ്റർ കനവും 15 മില്ലീമീറ്റർ ഉയരവും ഉണ്ടായിരിക്കണം.  അക്ഷരങ്ങൾ തമ്മിലുള്ള അകലം 2.5 മില്ലീമീറ്റർ ആയിരിക്കണം എന്നാണ്‌ ചട്ടത്തിൽ പറയുന്നത്‌.
പുതുക്കിയ നിയമപ്രകാരം മോട്ടോർ വാഹന നിർമാതാക്കൾ നൽകുന്ന നമ്പർ പ്ലേറ്റിൽ ഡീലർമാരാണ്‌ നമ്പർ പ്രിന്റുചെയ്‌ത്‌ നൽകേണ്ടത്‌. ഹൈസെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകളാണ്‌ 2019 ഏപ്രിൽ ഒന്നിനു ശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഉണ്ടാവേണ്ടത്‌. എന്നാൽ, ഇതു പാലിക്കാൻ പലപ്പോഴും വാഹന ഉടമകൾ തയ്യാറാകുന്നില്ലെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു. ചെറുപ്പക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളിലാണ്‌ ഫാൻസി നമ്പർ പ്ലേറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നത്‌. നമ്പർ പ്ലേറ്റിൽ രജിസ്‌ട്രേഷൻ നമ്പർ, അതിസുരക്ഷിത ഹോളോഗ്രാം, ഐൻഡി എംബ്ലം, സെക്യൂരിറ്റി ഇൻസ്‌ക്രിപ്‌റ്റ്‌ തുടങ്ങിയവ മാത്രമേ പാടുള്ളൂ.   മറ്റ്‌ എഴുത്തുകളോ ചിത്രങ്ങളോ ഉണ്ടാകരുത്‌.
ചട്ടപ്രകാരമുള്ള നമ്പർപ്ലേറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നത്‌ എളുപ്പമല്ല. എന്നാൽ, ഫാൻസി നമ്പർ പ്ലേറ്റുകൾ എളുപ്പത്തിൽ മാറ്റാനാകും.  വാഹനങ്ങൾ ഏതെങ്കിലും കുറ്റകൃത്യത്തിന്‌ ഉപയോഗിച്ചാലും മോഷണം പോയാലും തിരിച്ചറിയാനാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Comments

COMMENTS

error: Content is protected !!