പാലക്കാട്ട് കൊവിഡ് 19 സ്ഥിരീകരിച്ച രോ​ഗിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരം

കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരം. നിയന്ത്രണങ്ങൾ ലംഘിച്ച് ഇയാൾ നിരവധിയിടങ്ങളിൽ യാത്ര നടത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാർച്ച് 13 ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിന് വിധേയനായിട്ടില്ല.

 

മാർച്ച് 21 ന് ശേഷം മാത്രമാണ് നിരീക്ഷണത്തിന് വിധേയനായത്. നാട്ടിൽ നിരവധി സ്ഥലങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയതായാണ് സൂചന. രോ​ഗം സ്ഥിരീകരിച്ചയാളുടെ മകൻ കെഎസ്ആർടിസിയിലെ കണ്ടക്ടറുമാണ്. പാലക്കാട് നിന്ന് ആനക്കട്ടിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകളിൽ ഇയാൾ ജോലി ചെയ്തിരുന്നു.

 

മാർച്ച് 13 ന് ദുബായിൽ നിന്ന് നാട്ടിലെത്തിയപ്പോൾ തന്നെ ഹോം ക്വാറൈന്റനിൽ ഇരിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു.എന്നാൽ ഇയാൾ ഇത് പാലിച്ചില്ല. തുടർന്ന് നാട്ടുകാരാണ് ഇക്കാര്യം ആരോ​ഗ്യ വകുപ്പിനെ അറിയിച്ചത്. ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ രണ്ട് തവണ വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു.

 

വീട്ടുകാരോട് പുറത്ത് പോകരുതെന്നും നിർദേശിച്ചിരുന്നു. നിലവിൽ കാരാക്കുറിശിയിലെയും പാലക്കാട്ടെയും കുറച്ച് ആളുകളോട് വീട്ടിലിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് എത്തിയയാളുടെ മകൻ ജോലി ചെയ്ത കെഎസ്ആർടിസി ബസിന്റെ നമ്പർ അടക്കം പുറത്തുവിടും. ഈ ബസുകളിൽ സഞ്ചരിച്ചവരെയെല്ലാം കണ്ടെത്തേണ്ടതുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഭാ​​ഗികമായി റൂട്ട് മാപ്പ് തയാറാക്കാനാവുമെന്നാണ് കരുതുന്നത്.
Comments

COMMENTS

error: Content is protected !!