അംഗീകാരങ്ങളുടെ നിറവിൽ മേപ്പയൂർ കുടുംബ ആരോഗ്യകേന്ദ്രം
തുടർച്ചയായ രണ്ടാം തവണയും ഗുണനിലവാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മേപ്പയ്യൂർ കുടുംബ ആരോഗ്യ കേന്ദ്രം. ആശുപത്രിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനം മികച്ച ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ” നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ്” അക്രഡിറ്റേഷൻ തുടർച്ചയായ രണ്ടാം തവണയും മേപ്പയ്യൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. സമീപകാലങ്ങളായി നിരവധി നേട്ടങ്ങളാണ് ഈ സ്ഥാപനത്തിന് നേടാനായത്.
2018 – 19 ആർദ്ര പുരസ്കാരം,2019-20 ആർദ്ര കേരള പുരസ്കാരം,2020-21 കായകൽപ പുരസ്കാരം ഒന്നാം സ്ഥാനം,2020-21 എൻ ക്യു എ എസ് അക്രഡിറ്റേഷൻ തുടങ്ങിയ നേട്ടങ്ങളുടെ നെറുകയിലാണ് ഈ സ്ഥാപനം. ദിവസേന 600 ൽ പരം ഒ പിയുള്ള ഈ സ്ഥാപനത്തിൽ ജീവനക്കാർ ഒന്നടങ്കം കഠിനാധ്വാനം ചെയ്താണ് ഈ പുരസ്കാരം കരസ്ഥമാക്കിയത്. ജില്ലയിലെ തന്നെ മികച്ച കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും ജീവിത ശൈലി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ഇ. ഹെൽത്ത് പദ്ധതി ഉൾപെടെ നിരവധി നൂതന പദ്ധതികൾ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്നുണ്ട്. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ പൂർണമായ പിന്തുണയോടെ ആണ് ഈ നേട്ടം നേടിയെടുക്കാൻ കഴിഞ്ഞത്. ദേശീയ പുരസ്കാരം നേടിയ കുടുംബ ആരോഗ്യ കേന്ദ്രം ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജനും ഭരണ സമിതി അംഗങ്ങളും അനുമോദിച്ചു.