അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തം; ബിഹാറിൽ വീണ്ടും തീവണ്ടിക്ക് തീവച്ചു, പ്രായപരിധി ഉയര്‍ത്തി കേന്ദ്രം
സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്‌മെന്റിന് വഴിയൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പ്രായപരിധി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. പ്രായപരിധി 21 വയസില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്‌ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.
അതേസമയം അഗ്‌നിപഥിനെതിരെ ബിഹാറിൽ പ്രതിഷേധം തുടരുകയാണ്. ജമ്മുതാവി എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ പ്രതിഷേധക്കാർ വെള്ളിയാഴ്‌ച രാവിലെ തീവച്ചു. നാലു വർഷത്തേക്കുമാത്രം യുവജനങ്ങളെ സൈന്യത്തിലേക്ക് എടുക്കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരെ ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ്, ജമ്മു–-കശ്‌മീർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.
സൈന്യത്തിൽ 4 വർഷത്തെ താൽക്കാലിക സർവീസ് നടപ്പാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. വനിതകളടക്കം പതിനേഴര മുതൽ 23 വരെ പ്രായപരിധിക്കാരെ മൂന്നു സേനാവിഭാഗത്തിലും അഗ്നിവീർ എന്ന പേരിൽ നിയമിക്കും. നാലുവർഷ കാലയളവിൽ 31,000 മുതൽ 40,000 രൂപവരെയാണ് ശമ്പളം. 21,000 രൂപ മുതൽ 28,000 രൂപ വരെയാണ് കൈയിൽ ലഭിക്കുക. ഓരോ ബാച്ചിലെയും 25 ശതമാനംപേർക്ക് ദീർഘകാല സേവനത്തിന് അവസരം നൽകും. പിരിയുന്നവർക്ക് പെൻഷനുണ്ടാകില്ല. സേവാനിധി പാക്കേജ് എന്ന പേരിൽ 11 മുതൽ 12 ലക്ഷം രൂപവരെ നൽകും.