അഗ്നിപഥ് ഉടന്‍ പിന്‍വലിക്കില്ലെന്ന് സൂചിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
അഗ്നിപഥ് ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൂചന നൽകി . ഹ്രസ്വകാല നിയമന നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും യുവാക്കള്‍ റിക്രൂട്ട്മെന്റിന് തയാറായിരിക്കാനും രാജ്നാഥ് സിങ് നിർദേശിച്ചു. അതിനിടെ, അഗ്നിപഥിൽ തെലങ്കാനയിലെ സെക്കന്ദരാബാദില്‍ വന്‍ പ്രതിഷേധം.
കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും കടുത്ത പ്രതിഷേധം തുടരുകയാണ്. ബിഹാറില്‍ ട്രെയിനിന് തീയിട്ടു. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ കത്തിനശിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അഗ്നിപഥ് വഴി സായുധ സേനകളുടെ ഭാഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ഈ വർഷത്തെ നിയമനത്തിന് മാത്രമാണ് ഇളവ്. കഴിഞ്ഞ രണ്ടുവർഷമായി റിക്രൂട്ട്മെന്റ് നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.