DISTRICT NEWSKOYILANDILOCAL NEWS
അഗ്നിപരീക്ഷ വിജയിച്ച് താലൂക്കാശുപത്രി കെട്ടിടം
കൊയിലാണ്ടി:കൊയിലാണ്ടി താലൂക്കാശുപത്രിക്കായി നിര്‍മിച്ച കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ അനുമതി ലഭിച്ചു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡയറക്ടര്‍ അരുണ്‍ അല്‍ഫോന്‍സ് അനുമതി നല്‍കിയത്. 22.20 മീറ്റര്‍ ഉയരത്തില്‍, ഗ്രൗണ്ട് ഫ്ലോറിനെകൂടാതെ അഞ്ച് നിലകളാണ് താലൂക്ക് ആശുപത്രി കെട്ടിടം. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഫയര്‍ഫോഴ്‌സിന്റെ നിരാക്ഷേപപത്രം (എന്‍ഓസി) കിട്ടാത്തതുകാരണം ആശുപത്രി വികസനം വഴിമുട്ടിയിരുന്നു. 21 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

പുതിയ കെട്ടിടത്തിന് ചുറ്റും ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുംവിധം റോഡ്, മുകൾനിലയിലേക്ക് റാംപ് എന്നിവ ഏര്‍പ്പെടുത്താത്തത് കാരണമാണ് എന്‍ഒസി വൈകിയത്. 2017ലെ പുതിയ നിയമപ്രകാരം കെട്ടിടത്തിൽ ഒന്നരലക്ഷം ലിറ്റര്‍ ശേഷിയുളള ജലസംഭരണി വേണമെന്ന ആവശ്യവും അഗ്നിരക്ഷാസേന മുന്നോട്ടുവച്ചിരുന്നു. 35 കോടിയുടെ പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ അതിനനുസരിച്ചുളള ജലസംഭരണി നിര്‍മിക്കും. അതോടെ ജലസംഭരണിയുടെ കാര്യത്തിലുളള തടസ്സവും നീങ്ങുമെന്നാണ് പ്രതീക്ഷ.
കെട്ടിടത്തിന് അനുമതി കിട്ടിയതോടെ ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ പി സുധ, വൈസ് ചെയര്‍മാന്‍ കെ സത്യന്‍ എന്നിവര്‍ പറഞ്ഞു.

Comments