CALICUTDISTRICT NEWS
അഗ്നിബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ തീരുമാനം
അഗ്നിബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ തീരുമാനം. കെട്ടിടങ്ങൾ, മാളുകൾ, വ്യവസായ യൂണിറ്റുകൾ, ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തീപ്പിടുത്ത സാധ്യതയുള്ള കെട്ടിട സമുച്ചയത്തിൽ ഒരുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് പരിശോധിക്കാനായും അഗ്നിബാധ തടയുന്നതിനായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനുമാണ് നിർദ്ദേശം. പല കെട്ടിട ഉടമകളും പെർമിഷന് വേണ്ടി മാത്രം അഗ്നിബാധ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുകയും പിന്നീട് ചട്ടലംഘനം നടത്തുകയും ചെയ്യുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എ ഗീത പരിശോധന കർശനമാക്കാൻ ഉത്തരവിട്ടത്.
വ്യവസായ യൂണിറ്റുകളിൽ മാസത്തെ ആദ്യ ആഴ്ച്ചയിലും വാണിജ്യ സ്ഥാപനങ്ങളിൽ രണ്ടാമത്തെ ആഴ്ച്ചയിലും ഫ്ലാറ്റുകളിൽ മൂന്നാമത്തെ ആഴ്ച്ചയിലും സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ നാലാമത്തെ ആഴ്ച്ചയിലും പരിശോധന നടത്തണം. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഞായറാഴ്ച്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും പ്രവൃത്തി ദിവസങ്ങളിലും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും വേണം.
ജില്ലാ ഫയർ ഓഫീസറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഓരോ മാസവും ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സമർപ്പിക്കണം. റിപ്പോർട്ട് പരിശോധിച്ച് ചട്ടലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസ് അയക്കും. 15 ദിവസത്തിനുള്ളിൽ അപാകത പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കും. അപ്പാർട്ട്മെന്റുകളുടെ നിയമ ലംഘനത്തിന് പിഴയും ഈടാക്കും.
Comments