അടുത്ത അധ്യയന വർഷത്തിൽ അഞ്ച് ക്ലാസുകളിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ
അടുത്ത അധ്യയന വർഷം മുതൽ അഞ്ച് ക്ലാസുകളിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പതു ക്ലാസുകളിലാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക. സംസ്ഥാനത്ത് പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിച്ച് 15 വർഷങ്ങൾ കഴിഞ്ഞുവെന്നും ജനകീയ ചർച്ചകളും കുട്ടികളുടെ ചർച്ചയും പഠനങ്ങളും നടത്തി സംസ്ഥാനത്തിന്‍റെ തനിമ നില നിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ 26 മേഖലകളിൽ നിന്നായി നിലപാട് രേഖ തയാറാക്കി. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂടിന്‍റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും വ്യാഴാഴ്ച ഉച്ചക്ക് പ്രകാശനം ചെയ്യും. പ്രീപ്രൈമറി പാഠ്യപദ്ധതി , അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയാറാക്കിയ ചട്ടക്കൂടുകൾ ഒക്റ്റോബർ 9ന് പ്രകാശനം ചെയ്യും.