അടുത്ത വര്‍ഷം മുതല്‍ ബിരുദ പഠനം നാല് വര്‍ഷമാക്കിയേക്കും
കരിക്കുലം പരിഷ്‌ക്കരണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ബിരുദ പഠനം നാല് വര്‍ഷമാകുമെന്ന് മന്ത്രി ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.
ഇതിന്റെ ഭാഗമായാണ് ബിരുദപഠനം അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷമാക്കി കൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. എട്ട് സെമസ്റ്ററായിട്ടായിരിക്കും പാഠ്യ പദ്ധതി. എട്ടാം സെമസ്റ്റര്‍ പ്രാക്ടിക്കലിനടക്കം ഉപയോഗിക്കാന്‍ മാറ്റി വയ്ക്കും. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്ക് നേരെ രണ്ടാം വര്‍ഷ പി.ജിക്ക് ചേരാനുള്ള ക്രമീകരണമൊരുക്കാനും ആലോചനയുണ്ട്.
പുതിയ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. തിരുവനന്തപുരത്ത് നടക്കുന്ന കരിക്കുലം പരിഷ്‌ക്കരണ ശില്‍പശാലയിലായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നാണ് വിവരം. നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് സംസ്ഥാന ശില്‍പശാല. മാതൃകാ കരിക്കുലം സര്‍വകലാശാലാ തലം തൊട്ട് കോളജ് തലങ്ങളില്‍ വരെ ചര്‍ച്ച ചെയ്യും. അവിടെ ഉയരുന്ന ഭേദഗതി കൂടി വിലയിരുത്തി സര്‍വകലാശാലകള്‍ക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാനാകും.