അഡ്വ.ആളൂരിന് ബാർ കൗൺസിലിന്റെ നോട്ടിസ്
മോഡലിനെ കൂട്ട ബലാൽസംഗം ചെയ്തുവെന്ന കേസിൽ പ്രതിയായ ഡിംപിൾ ലാംബയ്ക്കു വേണ്ടി വക്കാലത്തില്ലാതെ ഹാജരായി കോടതി മുറിയിൽ വാക്കു തർക്കമുണ്ടാക്കിയ സംഭവത്തിൽ അഡ്വ. ആളൂരിനെതിരെ കേരള ബാർ കൗൺസിൽ സ്വമേധയാ പരാതി റജിസ്റ്റർ ചെയ്തു. അഡ്വ. ബിജു ആന്റണി ആളൂർ ഉൾപ്പെടെ 6 അഭിഭാഷകർക്കു കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടിസ് നൽകി.
വക്കാലത്ത് ഇല്ലാതെ ഹാജരായി പ്രതിക്കു വേണ്ടി ഔദ്യോഗികമായി ഹാജരായ അഭിഭാഷകനുമായി വാക്കുതർക്കം ഉണ്ടാക്കിയതു തൊഴിൽപരമായ പെരുമാറ്റ ദൂഷ്യമാണെന്ന് ആരോപിച്ചാണു നോട്ടീസ്. ആളൂരിനും ഒപ്പമുണ്ടായിരുന്ന കെ പി പ്രശാന്ത്, എസ് അനുരാജ്, കൃഷ്ണേന്ദു സുരേഷ്, വിഷ്ണു ദിലീപ്, മുഹമ്മദ് അമീർ എന്നീ അഭിഭാഷകർക്കുമാണ് നോട്ടിസ് നൽകിയത്. കഴിഞ്ഞ 22നു പീഡനക്കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുമ്പോഴാണു പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടിസ്.