CALICUTDISTRICT NEWS
അതിജീവനത്തിന്റെ ഓണാഘോഷം
കോഴിക്കോട്: അതിജീവനത്തിന് കരുത്തേകിയ മലയാളക്കരയെ ഓർമിപ്പിച്ച് നാട്യ -ലയ വിസ്മയങ്ങളിൽ നടി ആശാ ശരത്ത് ചുടവ് വച്ചു. നടനവൈഭവം മിന്നിമറഞ്ഞ നിമിഷങ്ങളിൽ സദസ്സ് ലയിച്ചു. തനതു കലാരൂപങ്ങൾക്കൊപ്പം ക്ലാസിക്കൽ നൃത്തത്തിന്റെ ചടുലതയും കൂടിയായപ്പോൾ ‘ദേവഭൂമിക’ വേറിട്ട നൃത്തശിൽപ്പമായി മാറി.
ജില്ലാഭരണകൂടവും ജില്ലാ ടൂറിസംപ്രൊമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദിയിലാണ് ആശാ ശരത്തും മകൾ ഉത്തരയുംചേർന്ന് നൃത്തശിൽപ്പം അവതരിപ്പിച്ചത്.
പ്രളയത്തിൽ ഒത്തൊരുമിച്ച് കരകയറിയ കേരളത്തിന്റെ അതിജീവനമായിരുന്നു ഉള്ളടക്കം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും നൃത്താവിഷ്കാരം വിളിച്ചോതി. കേരളത്തിന്റെ തനതു കലാരൂപങ്ങൾ സമന്വയിക്കുന്ന ‘ദേവഭൂമിക’യ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാലാണ്. തനിമപോവാത്ത സംഗീത കലാ പാരമ്പര്യത്തിന്റെ നീക്കിവെപ്പായി നൃത്താവിഷ്കാരം മാറി.
ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള നൃത്ത-സംഗീതശിൽപ്പം 13 ഗാനങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. നാൽപ്പത് കലാകരന്മാർ വേദിയിലെത്തി. ടി.കെ. രാജീവ് കുമാറാണ് നൃത്തശിൽപ്പം സംവിധാനം െചയ്തിരിക്കുന്നത്.
ടാഗോർ ഹാളിൽ നടന്ന ജില്ലാതല ഓണാഘോഷം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശമാക്കി ഓണക്കാലത്തെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
കൈതപ്രം ദാമോദരൻ നമ്പൂതിരിയെയും ആശാ ശരത്തിനെയും ചടങ്ങിൽ ആദരിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ. അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. പുരുഷൻ കടലുണ്ടി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ.ഡി.എം. റോഷ്നി നാരായണൻ, പി.എം. നിയാസ്, ജയശ്രീ കീർത്തി, എസ്. അനിൽ കുമാർ, ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന, എസ്.കെ. സജീഷ്, ടി.പി. ദാസൻ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ടൗൺഹാളിൽ കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ എന്ന നാടകവും അരങ്ങേറി. മാനാഞ്ചിറയിലെ വേദിയിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് പ്രദർശനം, കുരുവട്ടൂർ സ്വരലയ അവതരിപ്പിച്ച പഞ്ചാരിമേളം, ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് എന്നിവയും നടന്നു.
Comments