അതിവേഗ റെയിൽ. സ്ഥലം ഏറ്റെടുക്കാൻ തടസ്സം നീങ്ങുന്നു
ശക്തമായ എതിർപ്പുകൾക്കിടയിലും സിൽവർ ലൈൻ അതിവേഗ റെയിൽപ്പാതയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഈ വർഷം തന്നെ ആരംഭിച്ചേക്കും. തിരുവനന്തപുരം കാസർക്കോട് സമാന്തര പാതയ്ക്കുള്ള വായ്പ നബാർഡ് അനുവദിച്ചു. ആദ്യ ഗഡുവായ 3000 കോടി രൂപ സ്ഥലം ഏറ്റെടുക്കാനാവും പ്രയോജനപ്പെടുത്തുക.
പാതയുടെ അലൈൻമെൻ്റ് സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും അവസാന തീരുമാനം ആയിട്ടില്ല. സമാന്തര പാത കടന്നു പോകുന്ന സ്ഥലങ്ങളിൽ തന്നെ തദ്ദേശ വാസികളുടെ പ്രതിഷേധ സമരം നിലനിൽക്കുന്നുണ്ട്. കൊയിലാണ്ടി മൂടാടി മുതൽ മടപ്പള്ളി വരെ സമാന്തര പാതയിൽ നിന്നും മാറിയുള്ള അലൈൻമെൻ്റ് പരിഗണിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പിൻവലിച്ചു. സമാന്തര പാത തന്നെ പരിഗണിക്കും എന്നാണ് അന്ന് വിശദീകരിച്ചത്.
എന്നാൽ സമാന്തര പാത പണിയുന്നിടത്തും എതിർപ്പുകൾ ശക്തമാണ്. മാറിയുള്ള അലൈൻമെൻ്റിൽ നേരത്തെ മറ്റു ദിശകളും പരിഗണിച്ചിരുന്നു. ആന്ധ്രപ്രദേശ് കേന്ദ്രമായുള്ള ഒരു സ്വകാര്യ ഏജൻസിയാണ് ഇതനായി സർവ്വേ നടത്തിയത്. ഹെലിക്കോപ്റ്ററുകളും മറ്റും ഉപയോഗിച്ച് ആകാശ സർവ്വെ വരെ നടത്തിയാണ് പാതയുടെ ദിശ നിശ്ചയിച്ചത്.
ഏറ്റവും ചിലവ് കുറഞ്ഞ അലൈൻമെൻ്റാവും സ്വഭാവികമായും കെ- റെയിൽ കമ്പനി പരിഗണിക്കുക. റെയിൽ പാതയ്ക്ക് ചേർന്നുള്ള ഭാഗങ്ങൾ അധികവും നഗര കേന്ദ്രീകൃതമാണ്. ജന സാന്ദ്രത കൂടിയും ഇരിക്കുന്നവയാണ്. ഇടതു പക്ഷ മുന്നണിയുടെ വികസന വാഗ്ദാനങ്ങളിൽ മുഖ്യമായതാണ് കെ – റെയിൽ. നടപ്പാക്കാൻ പ്രതിജ്ഞാ ബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കയും ചെയ്തു. ഭരണ മാറ്റം ഉണ്ടായാൽ പോലും കേരളത്തിൻ്റെ പ്രമുഖമായ ഒരു വികസ പദ്ധതി എന്ന നിലയ്ക് യു.ഡി.എഫി നും പിന്നോക്കം പോകുക പ്രയാസമായിരിക്കും.
കെച്ചു വേളി മുതൽ ചെങ്ങന്നൂർ വരെയാണ് ആദ്യ ഘട്ടം ഏറ്റെടുക്കൽ തുടങ്ങുന്നത്. മലബാർ മേഖയിൽ ഇതു പ്രകാരം കുറച്ചു കൂടി സമയം എടുത്തേക്കാം എന്നതു മാത്രമാണ് വ്യത്യാസം. ചെങ്ങന്നൂർ വരെ 320 ഹെക്ടർ ഭൂമി ആവശ്യമാവും. ഇതിനായി 3750 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിൽ 3000 കോടിയാണ് നബാർഡ് അനുമതിയായിരിക്കുന്നത്.