അനധികൃത മണൽ കടത്ത് ; ബിഷപ്പിന് ജാമ്യമില്ല
അനധികൃത മണൽ കടത്ത് കേസിൽ തിരുനെൽവേലി മജിസ്ട്രേറ്റ് കോടതി ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും ഇന്നലെ അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇന്നലെ ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാർത്താക്കുറപ്പിലൂടെ അറിയിച്ചു. ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.