LOCAL NEWS

അനധികൃത മല്‍സ്യ കച്ചവടം ഒഴിപ്പിച്ചതിന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പാര്‍ട്ടി നേതാവിന്റെ ആക്രോശം

കൊയിലാണ്ടി: താമരശ്ശേരി-കൊയിലാണ്ടി റോഡില്‍ കോതമംഗലം ഭാഗത്ത് റോഡരികില്‍ നടക്കുന്ന അനധികൃത മല്‍സ്യ കച്ചവടത്തിനെതിരെ നടപടിയെടുത്തതിനാണ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സി പി എം ഏരിയാ നേതാവ് പരസ്യമായി ശകാരിച്ചത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മല്‍സ്യക്കച്ചവടം നടത്തിയതിനാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം കച്ചവടക്കാരനെതിരെ നടപടിയെടുത്തത്. കച്ചവടക്കാരന്‍ പാര്‍ട്ടി നേതാവിനോട് പരാതി പറഞ്ഞപ്പോള്‍, അയാളെയും കൂട്ടി നേതാവ് നഗരസഭയിലെത്തി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് തട്ടിക്കയറുകയായിരുന്നു. അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍, നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തിരുന്നത്. സി പി എം നേതൃത്വത്തിലുളള നഗരസഭ കൗണ്‍സിലിന്റെ തീരുമാനം പാര്‍ട്ടിയുടെ നേതൃനിരയില്‍ തന്നെയുളളവര്‍ പരസ്യമായി ചോദ്യം ചെയ്യുന്നത് ഇവർക്കിടയിലുളള വിഭാഗിയതായാണ് കാണിക്കുന്നതെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരും നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കും മുന്നിലായിരുന്നു നേതാവിന്റെ രോഷ പ്രകടനം.


കൊയിലാണ്ടിയിലെ ഡോക്ടേഴ്‌സ് അക്കാദമി തല്ലി തകര്‍ത്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്നാരോപിച്ച് ഇതേ നേതാവ് കൊയിലാണ്ടി സി ഐയെ പരസ്യമായി വെല്ലുവിളിച്ചതായും ആക്ഷേപമുണ്ട്. എസ് എഫ് ഐക്കാർ ആവശ്യപ്പെട്ട സംഭാവന നൽകാതിരുന്നതിലുള്ള പ്രതികാരമായാണ് ആക്രമണമെന്ന് ആക്ഷേപമുയർന്നതിനെത്തുടർന്ന് എസ് എഫ് ഐ ഏരിയാ നേതാക്കൾ നിഷേധ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനം അടിച്ചു തകർത്ത് പോലീസിന്റെ മുമ്പിലൂടെ കൂളായി ഇറങ്ങിപ്പോയ എസ് എഫ് ഐക്കാർക്കെതിരെ കേസ്സെടുത്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. തുടർന്നായിരുന്നു പരസ്യമായ വെല്ലുവിളി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button