അനുപാത അട്ടിമറി; ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് തിരിച്ചടി
വന്‍കിട ലോട്ടറി വ്യാപാരികള്‍ക്ക് വേണ്ടി സംസ്ഥാനത്തെ ചെറുകിട ലോട്ടറി കച്ചവടക്കാരുടെ വയറ്റത്തടിച്ച് ഇടത് സര്‍ക്കാര്‍.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് വന്‍കിട, ചെറുകിട ലോട്ടറി വില്പനക്കാര്ക്ക് ടിക്കറ്റ് വില്പനയില് ഏര്‍പ്പെടുത്തിയ 75:25 അനുപാതം എടുത്തുകളഞ്ഞ് ലോട്ടറി വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയതാണ് ചെറുകിടക്കാരുടെ നടുവൊടിച്ചത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം ചെറുകിട ലോട്ടറി കച്ചവടക്കാരാണുള്ളത്.
വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മുന്‍പ് നടത്തിയ ക്രമവിരുദ്ധ നടപടി സാധൂകരിക്കാനാണ് ലോട്ടറി ഡയറക്ടറുടെ നീക്കമെന്ന് ആക്ഷേപമുണ്ട്.
2016ലെ എല്‍.ഡി.എഫ് സര്‍ക്കാറാണ് ചെറുകിട വില്പനക്കാര്ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ 75:25 അനുപാതം നടപ്പാക്കിയത്. കഴിഞ്ഞ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസര്‍ ഈ അനുപാതം ലംഘിച്ച് വന്‍കിട ലോട്ടറി ഏജന്‍സിക്ക് മാത്രമായി കോടികളുടെ ടിക്കറ്റ് വിറ്റുവെന്ന പരാതി അടക്കം വിജിലന്‍സ് അന്വേഷിക്കുകയാണ്.
ഈ ഉദ്യോഗസ്ഥന്റെ ക്രമവിരുദ്ധത സാധൂകരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഡയറക്ടര്‍ ഫെബ്രുവരി 15ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. 75:25 അനുപാതം പുലര്‍ത്തേണ്ടതില്ലെന്ന് ഇതില്‍ നിര്‍ദേശിക്കുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപജീവനമാര്‍ഗം മുട്ടിയ നിരവധി പേരാണ് ചെറുകിട ലോട്ടറി വില്പന തെരഞ്ഞെടുത്തത്. അനുപാത അട്ടിമറി ചെറുകിട ഏജന്റുമാരുടെ യൂനിയനുകള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും ധനവകുപ്പ് ഇടപെടുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.