അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവലിന് ജൂലൈ 22ന് തുടക്കമാകും
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ജില്ലയിലെ പ്രധാന ജലമത്സരമായ അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവൽ ജൂലൈ 22 മുതൽ 24 വരെ നടത്താൻ തീരുമാനമായി. ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്ന പ്രാഥമിക യോഗത്തിലാണ് കയാക്കിങ് ഫെസ്റ്റിവലിന്റെ തീയതി തീരുമാനിച്ചത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇത്തവണ പരിപാടി വിപുലമായി നടത്താൻ യോഗം തീരുമാനിച്ചു.
ടൂറിസം വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ചെയർമാനായ സംഘാടകസമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രദേശത്തെ എം.പി. രാഹുൽ ഗാന്ധി, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എം.എൽ.എമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പ്രാദേശിക നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും മന്ത്രി യോഗത്തിൽ ഉറപ്പുനൽകി. ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും പരിപാടി ഗംഭീരമാക്കാൻ രംഗത്തുണ്ട്. ഫെസ്റ്റിവലിന് ജനപങ്കാളിത്തം ഉറപ്പുവരുത്താൻ പരമാവധി പ്രചരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത സ്ഥലം എം.എൽ.എ ചൂണ്ടിക്കാട്ടി.
യോഗത്തിൽ ലിൻ്റോ ജോസഫ് എം.എൽ.എ, ജില്ലാ കലക്ടർ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സിയുടെ ജില്ലാ പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്ന അഞ്ചംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റുമാർ, കേരള ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സി.പി. മനോജ്, ഡി.ടി.പി.സി പ്രതിനിധികൾ, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.