അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. മുക്കം മണാശേരിയിൽ നിയമം ലംഘിച്ച് വിദ്യാർത്ഥിനികള്‍ സ്കൂട്ടർ യാത്ര നടത്തുന്നതും ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ മുക്കം പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചത് ഉള്‍പ്പടെ മൂന്ന് വിദ്യാർത്ഥിനികളും ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്തവരാണ്. മോട്ടോർ വാഹന വകുപ്പിന് പിന്നാലെ മുക്കം പൊലീസും സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും നിയമലംഘനം നടത്തിയ സ്കൂട്ടര്‍ യാത്രികരായ വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു.