അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ധതി തുടങ്ങുന്നു
സിഐടിയുവിന്റെ നേതൃത്വത്തില്‍ അപകടങ്ങളില്‍ രക്ഷകരാകാന്‍ റെഡ് ബ്രിഗേഡ് പദ്ധതി തുടങ്ങുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ സന്നദ്ധ സംഘടന സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുക.
തിരുവനന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കാനാണ് സംഘടനയുടെ ലക്ഷ്യം. ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ പ്രായമുള്ള തൊഴിലാളികളെയാണ് ഇതിനുവേണ്ടി തെരഞ്ഞടുക്കുക. തലസ്ഥാനത്തെ സേനക്ക് ‘ബ്ലൂ ബ്രിഗേഡ്’ എന്നാണ് പേര്.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും പൊതു ഇടങ്ങളില്‍ ഉള്ളവരുമായ തൊഴിലാളികള്‍ക്ക് അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിലും അഗ്നിരക്ഷാസേന, ഐഎംഎ, ദുരന്തനിവാരണ പ്രവര്‍ത്തകര്‍ തുടങ്ങിയവർ പരിശീലനം നൽകി.
ഓരോ ജില്ലയിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്തമായ സേവന പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്യുന്നത്. വിട്ടുപിരിഞ്ഞ പ്രമുഖ തൊഴിലാളി നേതാക്കളുടെ പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും അടിയന്തര പരിചരണം നല്‍കാനുള്ള പരിശീലനം ഐഎംഎയുടെ നേതൃത്വത്തില്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം അവശതയിലായ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുക, പൊതുസ്ഥലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.