KERALA

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനി മുതൽ ക്യാഷ് അവാർഡ്

തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡിന് അർഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുക.

ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാലുടൻ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങൾ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പ്രകാരം അവാർഡിനുള്ള അർഹത രക്ഷപ്പെടുത്തിയ ആൾക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാൽ അക്കാര്യം നിശ്ചിത മാതൃകയിൽ ജില്ലാതല അപ്രൈസൽ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടറെ അറിയിക്കും. ഇതിന്റെ ഒരു പകർപ്പ് രക്ഷപ്പെടുത്തിയ ആൾക്ക് നൽകുകയും ചെയ്യും. ജില്ലാതല അപ്രൈസൽ കമ്മിറ്റി ഇത്തരം ശിപാർശകൾ എല്ലാമാസവും പരിശോധിച്ച് അർഹമായവ ഗതാഗത കമ്മീഷണർക്ക് അയച്ചുകൊടുക്കും. അർഹരായവർക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാർഡ് നൽകുന്നത്.

പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നൽകിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യർഹമായ രക്ഷാപ്രവർത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാർഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സർക്കാരിലേയ്ക്ക് നാമനിർദേശം ചെയ്യും. സംസ്ഥാനതല നിരീക്ഷണസമിതിയിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവർ അംഗങ്ങളും ഗതാഗത കമ്മീഷണർ മെമ്പർ സെക്രട്ടറിയുമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button