Uncategorized

അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി

അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.  15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാൻ കോടതി അനുവദിച്ചു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും കോടതി നിർദ്ദേശിച്ചു.

ഇത്തവണ കേരളത്തിലേക്കു പോകാൻ അനുമതി നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശിച്ചിട്ടില്ല. കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കോടതി നടപടികളിൽ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ല എന്നതും ചൂണ്ടിക്കാട്ടിയാണ് നാട്ടിൽ പോയി താമസിക്കാൻ സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയത്. എന്നാൽ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാൽ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

നേരത്തെ, മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, കർണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലെത്തിയത്. അന്ന് കേരളത്തിലെത്തിയതിനു പിന്നാലെ അസുഖബാധിതനായിതിനെ തുടർന്ന് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button