അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടിക്കാനായി വിജിലൻസ് പരിശോധന ശക്തമാക്കി
ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടിക്കാനായി വിജിലൻസ് പരിശോധനകൾ ശക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ വ്യാപക നടപടിയെടുക്കാനൊരുങ്ങുകയാണ് വിജിലൻസ് സംഘം. അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങൾക്കെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.
ജി എസ് ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തോളം രൂപ പിഴയായി നിയമലംഘകരിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകൾ, ലോറികൾ, ടിപ്പറുകൾ എന്നിവയിൽ വ്യാപക പരിശോധന നടത്താൻ ഉദ്ദേശിച്ചാണ് വിജിലൻസ് പുതിയ ദൗത്യവുമായി മുന്നിട്ടിറങ്ങുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്. ഇവയിൽ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങൾ കയറ്റി എത്തുന്നവയാണ്.