അമിതവില ഈടാക്കുന്നതായി പരാതി: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
പച്ചക്കറി, മുട്ട ,കോഴിയിറച്ചി തുടങ്ങിയവക്ക് അമിത വില
ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ വിവിധ കടകളില്‍ പരിശോധന നടത്തി.
വടകര ഫിഷ് മാര്‍ക്കറ്റിലുള്ള പച്ചക്കറിക്കടയില്‍ ഒരു കിലോ പച്ചമുളകിന് 150 രൂപ വരെ കൊള്ളവില ഈടാക്കിയതായി കണ്ടെത്തി. വില നിലവിലെ വില്‍പ്പന വിലയുടെ പകുതിയായി കുറപ്പിച്ചു. കൂടാതെ അമിതവില ഈടാക്കി വിറ്റിരുന്ന കാരറ്റ്, തക്കാളി, വെള്ളരി, കക്കിരി തുടങ്ങിയവയുടെ വിലയും കുറപ്പിച്ചു. ചോറോട് നാദാപുരം റോഡ് എന്നിവിടങ്ങളിലെ ചിക്കന്‍ സ്റ്റാളുകള്‍ പരിശോധിച്ചതില്‍ നാദാപുരം റോഡില്‍ ചിക്കന് 140 രൂപ ഈടാക്കുന്നതായി കണ്ടെത്തി. വില 120 രൂപയായി കുറപ്പിച്ചു. ഓര്‍ക്കാട്ടേരിയില്‍ പച്ചക്കറിക്കടകളിലും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതും പ്രൈസ് ടാഗില്‍ കൃത്രിമം കാണിക്കുന്നതും കണ്ടെത്തി.
വില രേഖപ്പെടുത്തിയ സ്റ്റിക്കറില്‍ കൃത്രിമം കാണിച്ചാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ മുന്നറിയിപ്പു നല്‍കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചുകൊണ്ടു മാത്രമേ പച്ചക്കറിക്കടകള്‍ പ്രവര്‍ത്തിപ്പിക്കാവൂ. പരിശോധനയില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ പി, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സജീഷ് കെ റ്റി, ശ്രീധരന്‍ കെ കെ, കുഞ്ഞികൃഷ്ണന്‍ കെ പി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷീജ അടിയോടി എന്നിവരും പങ്കെടുത്തു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.