അമ്പലമുക്ക് കൊലപാതകം പ്രതി രാജേന്ദ്രൻ കൊടുംക്രിമിനൽ
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ വിനീത വിജയൻ എന്ന യുവതിയെ കൊലപ്പെടുത്തിയത് ചോര കണ്ട് അറപ്പു മാറാത്ത കൊടുംക്രിമിനൽ. മോഷണ ശ്രമം തടുക്കാൻ ശ്രമിച്ച വിനിതയുടെ കഴുത്തിൽ മൂന്ന് തവണ കുത്തിയ ശേഷം താഴെ വീണ വിനിതയെ മരണം ഉറപ്പാക്കാനായി അഞ്ചു മിനിട്ട് നോക്കി നിന്നു. തുടർന്നാണ് കഴുത്തിൽ നിന്ന് മാല ഊരിയെടുക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
കൊടും ക്രിമിനലായ രാജേന്ദ്രൻ എപ്പോഴും കയ്യിൽ ആയുധം കരുതുന്ന വ്യക്തിയാണ്. 2014-ൽ തമിഴ്നാട് കന്യാകുമാരി ആരുവാമൊഴിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തുന്നതും മോഷണ ശ്രമത്തിനിടെയാണ്. നിരവധി കൊലപാതക ശ്രമങ്ങളും ഇയാൾക്കെതിരെയുണ്ട്. ഒരു മാസം മുമ്പാണ് രാജേന്ദ്രൻ തിരുവനന്തപുരത്ത് എത്തുന്നത്. പേരൂർക്കട ആശുപത്രിക്ക് മുമ്പിലുള്ള കുമാർ കഫേയിൽ ജോലിക്ക് കയറി. അന്നു മുതൽ മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവധി ദിനത്തിൽ നഗരത്തിൽ ഇരയെ തപ്പി ഇറങ്ങി. അമ്പലമുക്ക് ഭാഗത്തേക്ക് നടന്ന യുവതിയെ ലക്ഷ്യമിട്ട് പുറകേ നടന്നു. എന്നാൽ മോഷണം നടന്നില്ല. ഇതിനിടെയാണ് അലങ്കാര സസ്യങ്ങൾ വിൽക്കുന്ന കടയിലെ വിനീതയെ കാണുന്നത്. മൂന്ന് തവണ കടയ്ക്ക് മുന്നിലൂടെ നടന്ന് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തി. തുടർന്ന് കടയിൽ കയറി ചെടിച്ചട്ടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാജേന്ദ്രന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിനിത ബഹളം വെയ്ക്കാൻ ശ്രമിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് തവണ കഴുത്തിൽ കുത്തി.
അഞ്ചു മിനിട്ട് മരണം ഉറപ്പാക്കാനായി ചോര വാർന്നൊലിക്കുന്ന വിനീതയെ പ്രതി നോക്കി നിന്നു. തുടർന്നാണ് മാല ഊരിയെടുത്ത ശേഷം രക്ഷപ്പെടുന്നത്. അവിടെ നിന്നും ഓട്ടോ റിക്ഷയിൽ കയറി മുട്ടടയിലേക്ക് പോയി. ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ചാണ് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്നത്. തുടർന്ന് നാലാഞ്ചിറയിലേക്കും അവിടെ നിന്ന് ജോലി ചെയ്യുന്ന പേരൂർക്കടയിലേക്കും. ഇതിനിടെ ‘ എങ്കെ സരക്ക് കെടയ്ക്കും’ എന്ന ചോദ്യമാണ് പ്രതിയെ കുടുക്കാൻ പ്രധാന കാരണമായത്.
ദൃക്സാക്ഷിയില്ലാത്ത , തുമ്പില്ലാത്ത കേസിൽ അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളും തമിഴ് കലർന്ന പ്രതിയുടെ സംസാരവുമാണ്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയും ശ്രീലങ്കൻ തമിഴ് വംശജയുമായ വിനീതയുടെ മരണത്തിൽ ആദ്യം സംശയിച്ചത് തമിഴ് ബന്ധമാണ്. തിരുവനന്തപുരത്ത് താമസക്കാരായ ഗവി സ്വദേശികളെയും ഫോൺ വിളികളും കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാൽ യാതൊരു വിധ തെളിവുകളും ലഭിച്ചില്ല. എന്നാൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതോടെ ചില വഴികൾ തെളിഞ്ഞു. പേരൂർക്കട ആശുപത്രിക്ക് മുന്നിൽ വന്നിറങ്ങിയ പ്രതിയുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും തൊട്ടടുത്ത ജംഗ്ഷനിലെ സിസി ടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇതോടെ പേരൂർക്കട ജംഗ്ഷന് സമീപത്താണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. കുമാർ കഫേയിൽ എത്തുമ്പോൾ കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്ന ജീവനക്കാരൻ കൈയ്ക്ക് പരുക്കേറ്റത് കാരണം അവധിയിലാണെന്ന് ഉടമ പറഞ്ഞു.
കൊലപാതകത്തിനിടെ കൈയ്ക്ക് ഏറ്റ പരിക്ക് കടയിലെ ചിരവ ഉപയോഗിച്ച് രാജേന്ദ്രൻ വലുതാക്കിയിരുന്നു. തേങ്ങ ചിരകുന്നതിനിടെ പരിക്കേറ്റെന്നാണ് സഹപ്രവര്‍ത്തകരോട് പറഞ്ഞത്. പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. തുടര്‍ന്നാണ് പിറ്റേദിവസം നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച തിരികെ എത്തുകയും വൈകിട്ട് വീണ്ടും നാഗര്‍കോവിലിലേക്കും പോയി.
ഇതോടെ പ്രതി രാജേന്ദ്രനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഷാഡോ ടീം അംഗങ്ങളും പേരൂര്‍ക്കട സ്റ്റേഷനിലെ രണ്ട് എസ്.ഐയും തമിഴ്നാട്ടിലേക്ക് തിരിച്ചു. രാജേന്ദ്രനുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയിൽ നിന്നാണ് താമസ സ്ഥലം കണ്ടെത്തിയത്. ഇവർക്ക് രാജേന്ദ്രൻ 7,000 രൂപ നൽകിയിരുന്നു. തിരുവനന്തപുരം പഴയ കടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയം വച്ച പണമായിരുന്നത് ഇത്. 47,000 രൂപ താമസ സ്ഥലത്ത് നിന്നും കണ്ടെത്തി. ഒന്നര ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് പിടിയിലായതോടെ പ്രതി കുറ്റസമ്മതം നടത്തി. കൃത്യമായ ഹോം വർക്കിലൂടെ, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണാണ് പ്രതിയെ പിടികൂടാൻ കേരള പൊലീസിനെ സഹായിച്ചത്.