CRIME

അമ്മയെ വിഷം നല്‍കിയ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്

തൃശൂരിൽ അമ്മയെ വിഷം നല്‍കിയ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന്‍ ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതാണ് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു. 

പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു മകള്‍ ഇന്ദുലേഖ മാതാപിതാക്കള്‍ക്ക് വിഷം നല്‍കിയതെന്നും പൊലീസ് പറയുന്നു. മകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് കഴിച്ച അമ്മ രുഗ്മിണി (58) കഴിഞ്ഞ തിങ്കളാഴ്ച മരിച്ചതുമായി ബന്ധപ്പെട്ട് ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭർത്താവിനെ കൊണ്ടുവരാൻ മകൾക്കൊപ്പം നെടുമ്പാശേരിയിൽ പോയി തിരിച്ചു വരുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. വീട്ടിൽ തിരിച്ചെത്തി പിറ്റേ ദിവസം ഛർദ്ദിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭ ശ്മശാനത്തിൽ രു​ഗ്മിണിയുടെ മൃതദേഹം  സംസ്കരിച്ചു.

ഇന്ദുലേഖയുടെ ഭര്‍ത്താവ് വിദേശത്താണ്. സ്വര്‍ണം പണയം വെച്ച വകയില്‍ എട്ടുലക്ഷം രൂപ ഇന്ദുലേഖയ്ക്ക് കടമുണ്ടായിരുന്നു. ഇന്ദുലേഖയുടെ പേരിലാണ് വീടും സ്ഥലവും പറഞ്ഞുവെച്ചിരുന്നത്. മാതാപിതാക്കളെ ഒഴിവാക്കി ഇതു കൈക്കലാക്കി കടബാധ്യത വീട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ദുലേഖ കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നു. 

മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്. കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വർഷം മുമ്പാണ് കിഴൂരിൽ താമസമാക്കിയത്. ഭർത്താവ് വിദേശത്തു ജോലിചെയ്യുന്ന ഇന്ദുലേഖയ്ക്ക് അത്രയധികം തുക കടബാധ്യത വന്നതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button