KOYILANDILOCAL NEWS
അയനിക്കാട് പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി
അയനിക്കാട് പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ ബാഗുമായി കാണാനിടയായ യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി. ഇരുട്ടായതോടെ പോസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിൽ ചെന്ന് വാതിലിൽ മുട്ടുകയായിരുന്നു. പരിചയമില്ലാത്തയാളെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മനസിലായതോടെ വീട്ടുകാർ അയൽവാസിയെ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് കാണാതായ ഇയാളെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടെത്തിയെങ്കിലും ബാഗും മറ്റുമുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ നാട്ടുകാർ പിടികൂടി അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമെത്തിച്ച് പയ്യോളി പോലീസിന് കൈമാറി.
പിടിയിലായ ഇയാൾ അബോധാവസ്ഥയിലായത് പോലെ നിലത്ത് കിടക്കുകയായിരുന്നു. ചോദ്യങ്ങൾക്കും പ്രതികരിച്ചില്ല. പ്രാഥമിക പരിശോധനയിൽ യുവാവിൻ്റെ ബാഗിൽ നിന്നും ഒറിജിനലിനെ വെല്ലുന്ന കളിത്തോക്കും നിരവധി എ ടി എം കാർഡുകളും കണ്ടെടുത്തതായി അറിയുന്നു. പോലീസ് സ്ഥലത്തെത്തിയതോടെ നാട്ടുകാർ യുവാവിനെ പോലീസിന് കൈമാറി. തുടർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇയാൾ കളരിപ്പടി, അയനിക്കാട് പ്രദേശത്ത് കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Comments