അയൽവാസികളായ യുവാക്കൾ തൂങ്ങി മരിച്ചു
നന്മണ്ട: അയൽവാസികളായ യൂവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണൻ കുട്ടിക്കുറുപ്പിന്റെ മകൻ വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (27) എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ വീടിനുള്ളിലും വിജീഷിനെ വീടിനോടുചേർന്നുള്ള വിറകുപുരയിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.
തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് അഭിനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അർദ്ധരാത്രി 12 മണിയോടെ ഉത്സവം നടക്കുന്ന കുടുംബക്ഷേത്രത്തിൽ നിന്ന് അഭിനന്ദ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുകൾ കണ്ടിരുന്നു. ‘ഗുഡ്‌ബൈ’ പറഞ്ഞ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷമാണ് വയനാട് കാർഷിക വികസന വകുപ്പ് ജീവനക്കാരനായ അഭിനന്ദ് ജീവനൊടുക്കിയത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ വീടിനോടുചേർന്നുള്ള വിറകുപുരയിലാണ് വിജീഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ യുവാവ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഞായറാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി.
രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.