അരിക്കുളം എൽ പി സ്കൂൾ വിഷയം, വിദ്യാഭ്യാസ വകുപ്പ് ഇടപെടണം
അരിക്കുളം: കെട്ടിടം സുരക്ഷിതമല്ലാത്തതിനെ തുടർന്ന് സമീപത്തെ ഭാവന ഗ്രന്ഥശാലയിലേക്ക് പ്രവർത്തനം മാറ്റിയ അരിക്കുളം എൽ പി സ്‌കൂളിന് സുരക്ഷിതമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനു സാഹചര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് അരിക്കുളത്തു ചേർന്ന ബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു.
മാർച്ച് 31വരെയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ ഗ്രന്ഥശാല വിട്ടു കൊടുത്തിട്ടുള്ളൂ. സ്കൂളിന്റെ സ്വന്തം കെട്ടിടം സുരക്ഷിതമാക്കുന്ന കാര്യത്തിൽ മാനേജ് മെന്റ് സ്ഥിരമായി അലംഭാവം കാണിക്കുകയാണ്. സ്കൂൾ അപകടാവസ്ഥയിലാണെന്ന് പ്രചരിപ്പിക്കുന്നു എന്നും മറ്റും അടിസ്ഥാനരഹിതമായി ആരോപിച്ച് പ്രധാന അധ്യാപകനെ മാനേജർ സസ്‌പെൻഡ് ചെയ്തിരുന്നു. ആരോപണത്തിൽ കഴമ്പില്ലെന്നു കണ്ട് സസ്പെൻഷൻ റദ്ദാക്കാൻ എ ഇ ഒ ഉത്തരവിട്ടിരുന്നെങ്കിലും മാനേജ്മെന്റ് അനുസരിക്കാൻ തയ്യാറായിട്ടില്ല. സ്കൂൾ ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിലാണ് മാനേജ്മെന്റ്.
ഈ സാഹചര്യത്തിൽ അരിക്കുളം എൽ പി സ്കൂൾ നിലനിർത്തി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനു സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഒ കെ ചന്ദ്രൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജില , ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിനി, കെ കെ മനോജ്, സി ഉണ്ണികൃഷ്ണൻ, പി കുട്ടികൃഷ്ണൻ നായർ, പി മുഹമ്മദലി, പി കെ അൻസാരി, സി രാധ, വി ബഷീർ, പി എം രാജൻ എം എം അംജിത്, സി രാഘവൻ എന്നിവർ സംസാരിച്ചു. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. അരിക്കുളത്ത് വി ശദീകരണ പൊതുയോഗം നടത്താനും ബഹുജന പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.