അരിക്കൊമ്പനെ മയക്കുവെടി വെച്ചു
രണ്ടാം ദിവസത്തെ ദൗത്യത്തിനൊടുവിൽ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്.
സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.
അരിക്കൊമ്പനെ കണ്ടെത്തി മൂന്നു വശത്തായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുകയും തുടര്‍ന്ന് ആദ്യ ഡോസ് വെടിവെക്കുകയുമായിരുന്നു. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു. തുടർന്ന് അരിക്കൊമ്പന്റെ സമീപത്തേക്ക് ദൗത്യസംഘം നീങ്ങുകയായിരുന്നു.
മയക്കുവെടിയേറ്റ ആന മയങ്ങിയ ശേഷമായിരിക്കും സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക. ചോലവനങ്ങൾക്കിടയിൽ വെച്ചായിരുന്നു അരിക്കൊമ്പനെ വെടിവെച്ചത്. മയക്കത്തിലാകുന്ന മുറയ്ക്ക് കുങ്കിയാനകൾ എത്തി അരിക്കൊമ്പനെ മാറ്റും.
ആന പൂർണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകൾ മൂടിക്കെട്ടും. ശേഷം കാലുകൾ ബന്ധിച്ച് റേഡിയോ കോളർ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്. ശേഷം ആനയെ മാറ്റിപ്പാർപ്പിക്കും.