Uncategorized
അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി
അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. അഴിമതി ആരോപണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേസിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് ആരോഗ്യവകുപ്പു സെക്രട്ടറിയടക്കം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.
അഴിമതി ആരോപണം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്നത് ശരിയാണ്. ആ സംരക്ഷണത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഇതില്‍ എന്തെങ്കിലും അഴിമതി നടന്നോ ഇല്ലയോ എന്നുള്ളത് ആദ്യം അന്വേഷിക്കപ്പെടട്ടേ. പ്രത്യേക സംരക്ഷണത്തിന്റെ കാര്യം പിന്നീട് പരിഗണിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്.
ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ദുരന്തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തുന്നതിനുള്ള വേളകളാക്കി മാറ്റരുതെന്നും കോടതി പറഞ്ഞത്. അന്വേഷണത്തെ ആരാണ് ഭയക്കുന്നതെന്നും കോടതി ആരാഞ്ഞു. കോടതിയുടെ ഈ നിലപാടുകളുടെ പശ്ചാത്തലത്തില്‍ ലോകായുക്തയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാനാകും.
Comments