അശാസ്ത്രീയ റോഡ് നിർമാണത്തിൽ വെള്ളത്തിലായി കുടുംബം
പന്നിക്കോട് : കൊയിലാണ്ടി-എടവണ്ണ റോഡ് നവീകരണത്തിലെ അശാസ്ത്രീയത മൂലം ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിമാവ് മാട്ടത്തൊടി അബൂബക്കറിനും കുടുംബത്തിനുമാണ് ചെറിയ മഴ പോലും ദുരിതമാവുന്നത്.
കൊതയൻ ചാൽ റോഡ്, തെഞ്ചീരി പറമ്പ് റോഡ് എന്നിവിടങ്ങളിൽനിന്ന് ഒലിച്ചെത്തുന്ന മഴവെള്ളം മുഴുവനായും ഇപ്പോൾ ഈ വീട്ടുമുറ്റത്തേക്കാണ് എത്തുന്നത്. 30 വർഷത്തോളമായി ഇവിടെ താമസിക്കുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് അബൂബക്കർ പറയുന്നു. ഓവുചാൽ, കൽവെർട്ട് എന്നിവയുടെ വികലമായ നിർമാണമാണ് തിരിച്ചടിയായത്.
നിരവധി തവണ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോടും കരാർ കമ്പനി അധികൃതരോടും ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കിണർ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
റോഡിലെ രണ്ടുഭാഗങ്ങളിലെ ഓവുചാലുകൾ ഒരേ ഉയരത്തിലല്ല എന്നതും പ്രതിസന്ധിയാണ്. കൽവെർട്ടും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ശക്തമായ മഴയിൽ വെള്ളം ഒഴിഞ്ഞുപോവാൻ പറ്റാത്തതും വെള്ളക്കെട്ടിന് കാരണമാവുന്നുണ്ട്.
ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിത്തരണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.