KOYILANDILOCAL NEWS

അഷ്ടിക്ക് ഗതിയില്ലാത്ത ക്ഷേത്ര ജീവനക്കാരിൽ പ്രതീക്ഷയുളവാക്കി; സംഘടനാ ഏകീകരണം

 

 

കോഴിക്കോട്:അഷ്ടിക്ക് ഗതിയില്ലാത്ത മലബാറിലെ ക്ഷേത്ര ജീവനക്കാരിൽ പ്രതീക്ഷയുളവാക്കുന്നതാണ് ക്ഷേത്ര ജീവനക്കാരുടെ സംഘടനാ ഏകീകരണമെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡണ്ട് വി പി ഭാസ്കരൻ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

മലബാറിലെ ക്ഷേതങ്ങളിൽ കോൺഗ്രസ്സ് അനുകൂല നിലപാടുകൾ മുന്നോട്ടു വെക്കുന്ന ജീവനക്കാർ ഇതുവരെ പല സംഘടനകളിലായാണ് പ്രവർത്തിച്ചിരുന്നത്. ഈ മേഖലയിലെ ഏറ്റവും പാരമ്പര്യമുള്ള സംഘടനയായ മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ, മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്സ്, കേരളാ ടെംമ്പിൾ എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകൾ ഒരുമിച്ച് ചേർന്നാണ് ഇപ്പോൾ മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ എന്ന പേരിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇതോടെ മലബാറിലെ മഹാഭൂരിപക്ഷം ക്ഷേത്ര ജീവനക്കാരുടയും പ്രാതിനിധ്യമുള്ള സംഘടനായി ഇത് മാറും. സംസ്ഥാന പ്രസിഡണ്ടായി എം കെ രാഘവൻ എം പി യേയും ജനറൽ സെക്രട്ടറിയായി സജീവൻ കാനത്തിലിനേയും തെരഞ്ഞെടുത്തു. വിവിധ ജില്ലാ പ്രസിഡണ്ട് മാരേയും നിശ്ചയിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ടാണ് വി പി ഭാസ്കരൻ.


കോഴിക്കോട് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. എം കെ രാഘവൻ എം പി അദ്ധ്യക്ഷനായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി, പി എം നിയാസ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് കെ രാജീവൻ, വി പി ഭാസ്കരൻ, കെ പി ഗംഗാധരൻ വാസു കാടാമ്പുഴ, സംസാരിച്ചു. സജീവൻ കാനത്തിൽ സ്വാഗതം പറഞ്ഞു.


1100 ലധികം ക്ഷേത്ര ജീവനക്കാരാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിലുള്ളത്. ഇതിൽ മഹാഭൂരിപക്ഷവും അഷ്ടിക്ക് വകയില്ലാതെ നരകിക്കുന്നവരാണ്. തിരുവിതാംകൂർ ദേവസ്വം ബോഡിലേയും ഗുരുവായൂർ ദേവസ്വം ബോർഡിലേയും ജീവനക്കാർക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളും മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് ലഭിക്കുന്നില്ല. സൂപ്പർ ഗ്രേഡിലുള്ള കാടാമ്പുഴ, പെരളശ്ശേരി, മമ്മിയൂർ, തിരുമന്ദാംകുന്ന്, പിഷാരികാവ് ക്ഷേത്രങ്ങളെപ്പോലെ, വർഷത്തിൽ നാല് കോടിയിലധികം വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് മാത്രമാണ് കഷ്ടിക്ക് ജീവിച്ചു പോകാൻ കഴിയുന്ന വേതനം ലഭിക്കുന്നത്. എ, ബി, സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിൽ പലതിലും തുച്ഛമായ നിശ്ചയിച്ച ശമ്പളം പോലും ലഭിക്കാതായിട്ട് വർഷങ്ങളായി. നേരത്തെ എച്ച് ആർ എൻ സി ക്ക് (ഹിന്ദു റിലീജിയസ് ഏന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ) കീഴിലായിരുന്ന മലബാറിലെ ക്ഷേത്രങ്ങളെ മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ച് അതിന് കീഴിലാക്കിയത് ജി സുധാകരൻ ദേവസ്വം മന്ത്രിയായ കാലത്താണ്. ബോർഡ് രൂപീകരിച്ചതല്ലാതെ അസംബ്ലിയിൽ ദേവസ്വം ബിൽ അവതരിപ്പിച്ച് നിയമനിർമ്മാണം നടത്തിയില്ല. തുടർന്നു വന്ന ഒരു സർക്കാരും അതിന് ഇതുവരെ തയാറായില്ല. നിലവിലുള്ള സർക്കാർ അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസ്സാക്കും എന്ന് പറയുന്നതല്ലാതെ, മാറ്റി വെക്കുകയാണ് പതിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലും ഗുരുവായൂർ ദേവസ്വം ബോർഡിലും ജീവനക്കാർക്ക് ലഭിക്കുന്നതിന് തത്തുല്യമായ വേതനം മലബാർ ദേവസ്വം ബോർഡിലും നടപ്പിലാക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല. ഇ എസ് ഐ, പ്രോവിഡന്റ് ഫണ്ട് പെൻഷൻ പോലെ ആധുനിക തൊഴിലാളികൾക് ലഭികുന്ന ആനുകൂല്യങ്ങളൊന്നും ജീവനക്കാർക്കില്ല. വർഷത്തിൽ 35 കോടി രൂപ യോഗം ദേവസ്വം ബോർഡിന് ഗ്രാന്റ് നൽകുന്നതല്ലാതെ മറ്റൊരു സംവിധാനവും സർക്കാർ ഏർപ്പെടുത്തുന്നില്ല. മലബാർ ദേവസ്വം സ്റ്റാഫ് യൂണിയനും മറ്റ് സംഘടനകളും ഒരുമിച്ച് നിന്ന് പൊരുതിയാൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും അതിന് ഈ സംഘടനാ ഏകീകരണം സഹായകമാകുമെന്നും വി പി ഭാസ്കരൻ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button