MAIN HEADLINESUncategorized

അസമിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 12 വയസുകാരൻ

അസമിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ 12 വയസുകാരൻ. സിപാജർ സ്വദേശി ഷെയ്ഖ് ഫരീദ് ആണ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസിൽ നിന്ന് ആധാർ വാങ്ങാൻ പോകവേയാണ് ഷെയ്ഖ് ഫരീദിന് വെടിയേറ്റത് എന്ന് കുടുംബം പറഞ്ഞു. 12 വയ്സ്സുകാരന്റെ മരണത്തെ കുറിച്ച്  പ്രതികരിക്കാൻ ദാരംഗ് എസ് പി സുഷാന്ത ബിശ്വ ശർമ്മ വിസമ്മതിച്ചു. 33 വയസ്സുകാരനായ മൊയിനുൽ ഹഖാണ് സംഘർഷത്തിൽ മരിച്ച മറ്റൊരാൾ.

അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ദാര്‍രംഗ് ജില്ലയിലാണ് സംഭവം. കാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തപ്പെട്ട ഭൂമിയില്‍ നിന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ആയിരക്കണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. വന്‍ സന്നാഹങ്ങളുമായി എത്തിയ പൊലീസ് നിഷ്ഠൂരമായി ജനങ്ങളെ മര്‍ദിക്കുന്നതും വെടിവയ്ക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെടിയേറ്റ് മരിച്ചു വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.  പൊലിസിനൊപ്പം സംഭവ സ്ഥലത്ത് എത്തിയ ഫോട്ടോഗ്രാഫറാണ്. ഇയാൾ പിന്നീട് സോഷ്യൽ മീഡിയയിൽ സംഭവം പുറത്തായതോടെ അറസ്റ്റിലായി. മൃതദേഹത്തിന് മുകളിൽ രണ്ടു കാലും ഉപയോഗിച്ച് ചാടിവീഴുകയാണ് ഇയാൾ ദൃശ്യത്തിൽ. ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്.

വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്ന് 800 കുടുംബങ്ങളെയാണ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. ഇതിനിടയിലാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും വെടിവെപ്പിലേക്ക് നീങ്ങുകയും ചെയ്തത്. എന്നാൽ അനധികൃതമായി വെട്ടിപിടിച്ച സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു എന്നാണ് സര്‍ക്കാര്‍ വാദം. സംഭവം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button