ആചാര സംരക്ഷണ ബില്ല്.ആശയം യു.ഡി.എഫ് തീരുമാനമായിരുന്നില്ല. വി.ഡി സതീശൻ
ആചാരസംരക്ഷണ ബില്ല് യുഡിഎഫ് എടുത്ത തീരുമാനമല്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത് വ്യക്തികള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ്. ശബരിമല വിഷയം എട്ട് മണിക്കൂര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അത് കേരളത്തിലെ വര്‍ഗീയ രാഷ്ട്രീയത്തിന് വളമിടുന്ന ഇടപാടായി മാറും. ഇങ്ങനെ കേരളത്തെ കമ്യൂണലൈസ് ചെയ്യാതിരിക്കാന്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ സഹായിച്ചിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു.
കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ കോണ്‍ഗ്രസിനകത്ത് തീരുമാനം എടുക്കണം. ജാതി മത സംഘടനകളും സാമ്പത്തിക ശക്തികളും പാര്‍ട്ടി കാര്യങ്ങള്‍ നിശ്ചയിക്കുന്ന രീതി മാറ്റണം. മതസാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ നേതാക്കള്‍ ഇരിക്കാനേ പാടുള്ളൂ, കിടക്കരുത്. പുതിയ മന്ത്രിസഭയില്‍ സാമുദായിക സംതുലനമില്ലെന്നും യു.ഡി.എഫാണ് ഇത് ചെയ്തിരുന്നെങ്കില്‍ വലിയ വിവാദമാക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.