ആട്ടവും പാട്ടും അറിവും ആനന്ദവും നിറഞ്ഞ ആറു ദിവസം പിന്നിട്ട് പൂക്കാട് കലാലയം കളി ആട്ടം 2022 ന് തിരശ്ശീല വീണു
ആട്ടവും പാട്ടും അറിവും ആനന്ദവും നിറഞ്ഞ ആറു ദിവസം പിന്നിട്ട് പൂക്കാട് കലാലയം കളി ആട്ടം 2022 ന് തിരശ്ശീല വീണു. പ്രശസ്ത നാടക പ്രവർത്തകരായ മനോജ് നാരായണനും എ അബൂബക്കറുമാണ് നേതൃത്വം നൽകിയത്. ക്യാമ്പിന് അനുബന്ധമായി നടത്തിയ തിയേറ്റർ ഫെസ്റ്റിൽ നാടകങ്ങൾ, മുടിയേറ്റ്, ശീതങ്കൻ തുള്ളൽ, കഥകളി, തായമ്പക, നൃത്ത ശില്പങ്ങൾ മുതലായവ അരങ്ങേറി. കൊച്ചു കുട്ടികൾക്കായി നടത്തിയ കുട്ടിക്കളി ആട്ടം ഏറെ ശ്രദ്ധേയമായി.കാപ്പാട് കടപ്പുറത്തേയ്ക്കു നടത്തിയ ചരിത്ര സ്മൃതി യാത്ര രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ലാൻസ് നായിക് ശ്രീജിത്തൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന ചെയ്തു. വൈകിട്ടു നടന്ന സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തു പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളും കുട്ടികളും ക്യാമ്പനുഭവങ്ങൾ വിശദീകരിച്ചു. എ കെ രമേശ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.മനോജ് നാരായണൻ ,എ അബൂബക്കർ എന്നിവർ ക്യാമ്പ് അവലോകനം നടത്തി. വർക്കിംഗ് ചെയർമാൻ സി വി ബാലകൃഷ്ണൻ, ജനറൽ കൺവീനർ കെ ശ്രീനിവാസൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.അശോകൻ കോട്ട് സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.