CALICUTDISTRICT NEWS

ആദിവാസി സ്ത്രീയുടെ മരണം: പുറത്തറിഞ്ഞത് രണ്ടാംദിനം

പേരാമ്പ്ര: മുതുകാട്ടെ ആദിവാസി സ്ത്രീയുടെ മരണം പുറത്തറിഞ്ഞത് രണ്ടാംദിവസം. കുളത്തൂർ കോളനിയിൽ വിൽസന്റ ഭാര്യ റീനയാണ് (45) കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് മരണം സംഭവിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ നാട്ടുകാർ വിവരം അറിയുന്നത് തിങ്കളാഴ്ച രാവിലെയാണ്. പുറത്തേക്ക് പോയി വീട്ടിലേക്ക് തിരികെ വന്നപ്പോൾ റീന അടുക്കളഭാഗത്ത് മുറ്റത്തായി വീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ഭർത്താവ് വിൽസൺ പറഞ്ഞു. ഉടനെ വീട്ടിനകത്തേക്ക് എടുത്ത് കിടത്തുകയായിരുന്നുവത്രേ. ആസ്പത്രിയിലേക്കൊന്നും കൊണ്ടുപോയിരുന്നില്ല.

 

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അറിഞ്ഞതെന്ന് അടുത്ത വീട്ടുകാരനും ഊരുമൂപ്പനുമായ ചന്തു പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പോലീസിലും വിവരം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടുപറമ്പിൽ സംസ്‌കാരം നടത്തി. പെരുവണ്ണാമൂഴി പോലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ കഴുത്തിൽ പാടുള്ളതായി കണ്ടെത്തിയിരുന്നു. മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് എസ്.ഐ. ബാബുരാജ് വ്യക്തമാക്കി. തിങ്കളാഴ്ച പോലീസുകാർ റീനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

 

റീനക്ക് കാലിന് ചെറിയ വൈകല്യം ഉണ്ടായിരുന്നതിനാൽ ജോലിക്കൊന്നും പോയിരുന്നില്ല. ഒരു പെൺകുട്ടിയടക്കം അഞ്ച് മക്കളാണ് റീനയ്ക്ക്. റീനയുടെ രണ്ടാമത്തെ മകൻ അനു ഒരുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. വീടിന് സമീപം പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. മുമ്പ് തലയാട് ഭാഗത്ത് താമസിച്ചിരുന്ന കുടുംബം മുതുകാട് സർക്കാർഭൂമി നൽകിയപ്പോഴാണ് ഇവിടേക്ക് എത്തിയത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button