ആധുനിക സൗകര്യത്തോടെ പണിത സ്വപ്നമന്ദിരത്തിലേക്ക് നെസ്റ്റ് – നിയാർക്ക് സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പ്രവേശനോത്സവം ആവേശമായി
കൊയിലാണ്ടി: നെസ്റ്റ് – നിയാർക്ക് സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പ്രവേശനോത്സവം ആവേശമായി. കമ്മറ്റി അംഗങ്ങൾ, നിയാർക്ക് ഗ്ലോബൽ കമ്മറ്റി പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, നമ്മുടെ പൊന്നുമക്കളുടെ മാതാപിതാക്കൾ, നിയാർക്ക് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികളെ എല്ലാ വിധ ആധുനിക സൗകര്യത്തോടെ പണിത സ്വപ്ന മന്ദിരത്തിലേക്ക് ആനയിച്ചു. കൊയിലാണ്ടി ഐ സി എസ്സ്. സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികൾക്ക് ഉജ്ജല വരവേൽപ്പ് നൽകി.
സ്കൂൾ കവാടത്തിൽ തങ്ങൾക്ക് നൽകിയ ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് പറത്തിയാണ് നിഷ്കളങ്കരായ കുട്ടികളും അവരുടെ മാതാക്കളും തങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച, തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകടിപ്പിച്ച ഈ മഹത്തായ സ്ഥാപനം നൽകിയ അമൂല്യ സ്നേഹത്തിനുള്ള ആഹ്ലാദം പങ്കുവെച്ചത്.
ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി. കെ. യൂനുസ്, മറ്റു ഭാരവാഹികളായ സൈൻ ബാഫഖി തങ്ങൾ, അബ്ദുൾ ഖാലിക്, സാലിഹ് ബാത്ത, ഉസൈർ, ഇസ്മയിൽ എം. വി., ഗ്ലോബൽ പ്രവർത്തകരായ ബഷീർ വി. പി., റാഷിക് (ഖത്തർ) ഹാഷിം പുന്നക്കൽ, ചന്ദ്രൻ (ദുബൈ) ഇമ്പിച്ചി അഹമ്മദ് (മസ്കത്ത്) ബഷീർ എ. എം. പി., ബഷീർ അമേത്ത്, അസ്ലം ബർഗയ്‌ബ (കുവൈത്ത് ) തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സീനിയർ ഫിസിഷ്യൻ ഡോക്ടർ സൗമ്യ, സീനിയർ അഡ്മിനിസ്ട്രെട്ടർ രസ്മി, ഗ്ലോബൽ കുടുംബങ്ങൾ , മറ്റു നെസ്റ്റ് അംഗങ്ങൾ, ഡിപ്പാർട്മെന്റ് തലവന്മാർ, ടീച്ചേഴ്‌സ് എന്നിവർ ചേർന്ന് ചുവന്ന റോസാപൂ നൽകിയാണ് കുട്ടികളെ ഓരോ ക്ലാസ്സുകളിലേക്കും ആനയിച്ചത്.