ആനകൾക്ക് വേണ്ടത് മുതലക്കണ്ണീരല്ല. ജീവിക്കാനും ജീവിപ്പിക്കാനുമുള്ള അവകാശമാണ്.
ഓഗസ്റ്റ് 12 ലോക ഗജദിനമാണ്. ആനകളുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12, ആനദിനമായി ആചരിക്കുന്നു. ആനകളെക്കുറിച്ച് ഓർക്കാനും അവയെ സംരക്ഷികാനുമുളള ദിനമായി ഇനിയും ഈ ദിനാചരണം മാറേണ്ടതുണ്ട്. ആനകളുടെ സമ്പൂർണ്ണ നാശം ആസന്നമാണ് എന്ന തിരിച്ചറിവിനെത്തുടർന്നാണ് ലോക ആനദിനം ആരംഭിച്ചത്. കാനഡക്കാരായ ചലചിത്ര നിർമ്മാതാക്കൾ; പട്രീഷ്യാ സിംസ്, മൈക്കൽ ക്ലാർക്ക് എന്നിവരും തായ്ലാന്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന എലിഫെന്റ് റീ ഇൻട്രോഡെക്ഷൻ ഫൗണ്ടേഷൻ സെക്രടറിയായിരുന്ന, ശിവപോർണർ ദർശനാനന്ദ എന്നിർ ചേർന്നാണ് ലോക ആന ദിനത്തിന്റെ രൂപരേഖ തയാറാക്കിയത്.
ആനയുണ്ടെങ്കിലേ മനുഷ്യനുമുള്ളൂ
കഴിഞ്ഞ വർഷത്തെ ആന ദിനത്തിൽ ആനകളുണ്ടാക്കുന്ന ഉപദ്രവങ്ങൾ ചൂണ്ടിക്കാട്ടി കാടോരത്തെ ഗ്രാമവാസികൾക്ക് വേണ്ടി ഒരു പത്ര സമ്മേളനം നടത്തപ്പെട്ടു. ആനകൾ കൃഷി നശിപ്പിക്കുന്നതും വീടുകൾ തകർക്കുന്നതും മനുഷ്യർക്ക് ജീവഹാനി വരുത്തുന്നതുമൊക്കെ ചൂണ്ടികാട്ടിയായിരുന്നു പത്രക്കുറിപ്പ്. വനം വകുപ്പും സർക്കാരും ഈ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പത്രക്കുറിപ്പിലുണ്ടായിരുന്നു.
ആനകളുടെ പത്രസമ്മേളനം
കുറേ ദിവസങ്ങൾക്ക് ശേഷം ഒരു പരിസ്ഥിതിപ്രവർത്തകൻ കുട്ടികളുടെ പരിസ്ഥിതി പഠന ക്യാമ്പിൽ ഈ പത്രക്കുറിപ്പിന്റെ പകർപ്പുകൾ വിതരണം ചെയ്തു. എന്നിട്ട് അവരോട് നിങ്ങൾ ഒരാനയാണെന്ന് സങ്കൽപ്പിക്കാനും ആനയായ നിങ്ങൾ ഒരു പത്രസമ്മേളനം നടത്തുകയാണെങ്കിൽ എന്തൊക്കെ ആവലാതികൾ ഒരു പത്രക്കുറിപ്പായി തയാറാക്കാനുണ്ടാവുമെന്ന് ഒരു കുറിപ്പായി എഴുതാനും ആവശ്യപ്പെട്ടു. അത്ഭുതാവഹമായ പ്രതികരണങ്ങളായിരുന്നു കുട്ടികൾ തയാറാക്കിയ ആനകളുടെ പത്രകുറിപ്പിൽ ഉണ്ടായിരുന്നത്. അവർ സ്വതന്ത്രമായി ഉണ്ട് സുഖിച്ച് ഇണചേർന്ന് രമിച്ചു നടന്നിരുന്ന അവരുടെ ആവാസ വ്യവസ്ഥകളെ മനുഷ്യൻ കയ്യേറി നശിപ്പിച്ചതിന്റെ കരളലിയിക്കുന്ന കഥകളായിരുന്നു മിക്കവാറും ആനകൾക്ക് വേണ്ടി കുട്ടികൾ തയാറാക്കിയ കുറിപ്പുകളിൽ ഉണ്ടായിരുന്നത്. അതിൽ ഒരു കുറിപ്പ് താഴെ.
“ഇന്ന് ഞങ്ങക്ക് ഞങ്ങളുടെ കാട് നഷ്ടപ്പെട്ടിരിക്കുന്നു. തുടർച്ചകൾ നഷ്ടപ്പെട്ട കൊച്ചു കൊച്ചു പച്ചതുരുത്തുകൾ മാത്രമാണ് ഇന്നവശേഷിക്കുന്നത്. ഈ തുരുത്തുകൾക്കിടയിൽ ഞങ്ങളുടെ കാട് കയ്യേറി മനുഷ്യൻ കൂറ്റൻ പട്ടണങ്ങൾ നിർമ്മിച്ചിരിക്കുന്നു. ഞങ്ങളുടെ സഞ്ചാരപഥങ്ങളായ ആനത്താരകളെല്ലാം കറന്റ് കമ്പികൾ കൊണ്ടും കോൺക്രീറ്റ് മതിലുകൾ കൊണ്ടും തടഞ്ഞിരിക്കുന്നു. ഈ കൊച്ചു തുരുത്തുകളിലെ ഒരേ രുചിയുള്ള ഇലകളും മറ്റും തിന്ന് ഞങ്ങൾ എത്ര കാലം ജീവിക്കും. ഞങ്ങൾ ഒരിടത്ത് കുറ്റിയടിച്ച് കഴിയുന്നവരല്ല. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം നടന്നു ചെല്ലുന്നവരാണ്. അപ്പുറത്തെ തുരുത്തിൽ രുചിയുള്ള മറ്റ് ചെടികളുണ്ട്. ഞങ്ങൾക്ക് അവതിന്നണമെന്ന് തോന്നുമ്പോൾ ഞങ്ങളെന്ത് ചെയ്യും? അപ്പുറത്തെ തുരുത്തിൽ പ്രിയതമയും കാമുകനുമൊക്കെയുണ്ട്. അവരെയൊന്നു കാണാൻ, അവരുടെ ഗന്ധമറിയാൻ, ഒന്ന് ചുംബിക്കാൻ, ഒന്ന് കെട്ടിപ്പിടിക്കാൻ, ഇണ ചേരാൻ മോഹമുദിക്കുമ്പോൾ ഞങ്ങളെന്തു ചെയ്യണം? ഞങ്ങൾക്കീ തടവറ പണിയാൻ മനുഷ്യരാരാണ്? ഞങ്ങളുടെ കാട് കയ്യേറുന്നതും പോരാ; എന്തൊക്കെ അതിക്രമങ്ങളാണ് മനുഷ്യർ ഞങ്ങളോട് ചെയ്യുന്നത്. ഞങ്ങളുടെ കാട് കത്തിച്ച് അതിന്റെ ചാരത്തിൽ ഇവർ കൃഷി ചെയ്യുന്നു. വിശക്കുമ്പോൾ അവർ കയ്യേറിയ ഭൂമിയിലിറങ്ങി രണ്ട് വാഴയോ ഒരു തെങ്ങോ പറിച്ചു തിന്നാൽ പിന്നെ എന്താ പുകില്? പിന്നെ പോലീസായി പട്ടാളമായി പടക്കമായി ബോംമ്പേറായി വെടിവെപ്പായി ടയറുകത്തിച്ചെറിയലായി. ഞങ്ങൾ ജീവനും കൊണ്ട് ഓടിക്കോളണം. ഈ മനുഷ്യർ എന്തൊരു ക്രൂരന്മാരാണ്. ഞങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലുന്നു. ഞങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണത്തിൽ ബോമ്പു വെച്ച് തല ചിതറിപ്പിച്ച് കൊല്ലുന്നു. വെടിവെച്ചു കൊല്ലുന്നു. വെറുതെ പന്തമെറിഞ്ഞ് പുറം പൊള്ളിക്കുന്നു. ഞങ്ങളുടെ കൊമ്പ് പിഴുതെടുത്ത് വിൽക്കുന്നു. ഞങ്ങളെ വാരിക്കുഴിയിൽ വീഴ്ത്തി ആനപ്പന്തിയിലിട്ട് പന്തിച്ചട്ടം പടിപ്പിച്ച് അടിമയാക്കി, നാട്ടിൽ മരം പിടിക്കാനും ഉത്സവത്തിനുമൊക്കെ ചങ്ങലകളിൽ കെട്ടിപ്പുട്ടി നിർത്തുന്നു. പൊരിവെയിലെത്ത് പൊള്ളുന്ന ടാറിൽ എത്ര മണിക്കൂറാണ് ഞങ്ങൾ ദയനീയമായി നിൽക്കുന്നത് എന്ന് നിങ്ങൾക്കിയാമോ? ഞങ്ങൾക്ക് ഏറ്റവും പേടിയുള്ളത് ഒച്ചയും തീയുമാണ്. എന്നിട്ട് നിങ്ങളെന്താ ചെയ്യുന്നത്? ഉത്സവം എന്ന് പറഞ്ഞ് തീക്കുണ്ഡങ്ങൾക്ക് നടുവിൽ ചെവിപൊട്ടുന്ന ചെണ്ടവാദ്യത്തിനും വെടിക്കെട്ടിനും തീമഴക്കും നടുവിൽ നിർത്തുന്നു. ഈ അന്യായങ്ങളൊക്കെ ഞങ്ങൾ എല്ലാ കാലത്തും സഹിച്ച് നിങ്ങളുടെ അടിമയായി കഴിയും എന്നാണോ മനുഷ്യരുടെ ധാരണ? ഇനിയും ഞങ്ങളിത് സഹിക്കും എന്ന് നിങ്ങൾ കരുതേണ്ട. ഞങ്ങളുടെ കാട് ഞങ്ങൾ വീണ്ടെടുക്കുക തന്നെ ചെയ്യും. നിങ്ങൾ കയ്യേറി കൃഷി ചെയ്ത ഭൂമിയെല്ലാം ഞങ്ങൾ തിരിച്ചു പിടിക്കും അത് കാടായി മാറുന്ന ഒരു കാലം ഞങ്ങൾ സ്വപ്നം കാണുന്നു. ഇതൊരു മുന്നറിയിപ്പാണ് ആനകളുടെ സ്വാതന്ത്ര സമരത്തിന് ഇനി വലിയ കാലമില്ല”
ഇതുപോലെ മനോഹരമായ എത്ര കുറിപ്പുകളാണ് കുട്ടികൾ തയാറാക്കിയത് എന്നറിയാമോ? എന്താണിത് കാണിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് നല്ല നിലയിൽ കാര്യമറിയാം. പക്ഷേ നാമവരെ പഠിപ്പിക്കുന്നത് ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ട എന്തോ സ്വകാര്യ സ്വത്താണ് എന്നാണ്. മറ്റു ജീവജാലങ്ങളോടൊപ്പം മാത്രമേ മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാനാവൂ എന്ന സത്യം നാം മറക്കുന്നു.
മനുഷ്യന്റെ അയൽക്കാർ
ഭൂമിയിൽ മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിശക്തിയുള്ള മൃഗം ആനയാണത്രേ. എന്തുമാത്രം ക്രൂരതയാണ് നാമീ പാവം ജീവികളോട് കാണിക്കുന്നത്. മറ്റൊരു മനുഷ്യനോടെന്നപോലെയാണ് നാം ആനകളോട് പെരുമാറുന്നത്. വേവിച്ച ഭക്ഷണം കൊടുക്കുക. ശുദ്ധസസ്യഭുക്കായ ആനക്ക് മാസം ചേർത്ത മരുന്നുകളും ഭക്ഷണവും കൊടുക്കുക, മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പ ആൾക്കനുസരിച്ച് നെറ്റിപ്പട്ടവും മറ്റും കെട്ടിയെഴുന്നള്ളിക്കുക തുടങ്ങി എന്തൊക്കെ ക്രൂരതകൾ ! പക്ഷേ നമുക്കിനിയുമീ അന്യായങ്ങൾ എത്ര കാലം തുടരാൻ കഴിയും പത്തോ മുപ്പതോ വർഷത്തിനകം നാട്ടാനകൾ എന്നൊരു വിഭാഗം ഭൂമിയിലുണ്ടാവില്ല. ദൈവത്തേ തലയിലേറ്റി നടക്കാനും ചന്ദനക്കുടം എഴുന്നള്ളിക്കാനുമൊക്കെ മനുഷ്യൻ മറ്റു മാർഗ്ഗങ്ങൾ ആരായേണ്ടിവരും. ആനപ്രേമികൾ ഇപ്പഴേ അതൊക്കെ ആലോചിച്ച് തുടരണം. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ എന്ന കവിതയിലെ ആന, പാണ്ടിമേളത്തിനും തീവെട്ടിക്കുമിടയിൽ നിന്ന് അല്പനേരം മയങ്ങിപ്പോകുന്നുണ്ട്. അപ്പോൾ അത് സഹ്യപർവ്വത സാനുക്കളിലെ കാടിൽ പ്രിയതമയോടൊപ്പം രമിച്ച നാളുകൾ സ്വപ്നത്തിൽ കാണുന്നു. ഉത്സവത്തിന്റെ ആരവങ്ങൾ എല്ലാം മറന്ന് കാട്ടിലെ മദയാനയായി അവൻ നടന്നു തുടങ്ങുന്നതാണ് വൈലോപ്പിള്ളി ഭാവനയിൽ കാണുന്നത്. അതായത് ആനകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സുദിനം
ആനയേ അറിഞ്ഞ് പെരുമാറൂ
കരയിലെ ഏറ്റവും വലിയ സസ്തനികളായ ആനകൾ ഗുരുതരമായ വംശനാശ ഭീഷണി നേരിടുകയാണ്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ആന ദിനത്തിന്റെ പ്രാധാന്യ മറിയണമെങ്കിൽ ആനകൾ ഭൂമിയുടെ നിലനിൽപ്പിന് നൽകുന്ന സംഭാവനകൾ അറിയണം. കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പോരാട്ടം നടത്തുന്ന പ്രധാനപ്പെട്ട ഒരു ജീവികൂടിയാണ് ആന. ജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ആനകൾക്ക് പ്രാധാന പങ്കുണ്ട്. ആനകളുടെ ഭക്ഷണശീലം ഇടതൂർന്ന സസ്യജാലങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിക്കുകയും ഈ വിടവുകൾ പുതിയ സസ്യങ്ങൾക്ക് വളരാനും മറ്റ് ചെറിയ മൃഗങ്ങൾക്ക് വഴികൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്നതായി പഠനങ്ങൾ പറയുന്നു. ആനകൾ ഭക്ഷണമാക്കുന്ന സസ്യങ്ങളിൽനിന്നും വിത്തുകൾ നിറഞ്ഞ പിണ്ഡങ്ങൾ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ സസ്യങ്ങളുടെ വിത്ത് വിതരണം സുഗമമാക്കുന്നു. മണ്ണിന്റെ ഫലഫുഷ്ടി വർധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആന പിണ്ഡങ്ങൾ ചെറുസസ്യങ്ങൾക്കും സൂക്ഷജീവികൾക്കും വിവിധ ജീവികളുടെ ലാർവ്വകൾക്കും വളരാൻ അവസരമൊരുക്കുന്നു
ആനയുടെ മൂക്കും മേൽച്ചുണ്ടും ഒരുമിച്ച് ചേർന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായും രൂപാന്തരപ്പെട്ടിരിക്കുന്നു. 282 അസ്ഥികളാണ് ഇവയുടെ ശരീരത്തിലുള്ളത്. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലവും ആനകളുടേതാണ്. 630 ദിവസംവരെയാണ് ഇവയുടെ ഗർഭകാലം (ഇരുപത്തിയൊന്ന് മാസംമുതൽ ഇരുപത്തിരണ്ട് മാസംവരെ).
ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേക കഴിവ് മറ്റ് ജീവികളിൽനിന്ന് ഇവയെ വ്യത്യസ്ഥരാക്കുന്നു. ആനകളുടെ മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് അറിയപ്പെടുന്നത്. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർവരെ വെള്ളവും അകത്താക്കാറുണ്ട്. കണ്ണുകൾക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂർവരെ ഇവ വിശ്രമത്തിനായി ചെലവഴിക്കുന്നു. ആഫ്രിക്കൻ ആനകൾ വിശ്രമത്തിനായി കിടക്കുക പതിവില്ല. കാട്ടാനകൾ കൂട്ടത്തോടെയാണ് വിഹരിക്കുക. മുപ്പതുവരെ ആനകൾ ഈ കൂട്ടത്തിലുണ്ടാകും. എഴുപതിലധികം ആനകളടങ്ങിയ കൂട്ടങ്ങളേയും പശ്ചിമഘട്ട മലനിരകളിൽ കണ്ടിട്ടുണ്ട്. ഒറ്റയ്ക്ക് നടക്കുന്ന ആനകളെ ഒറ്റയാൻ എന്നാണറിയപ്പെടുക. ആണാനകൾ ഒരു നിശ്ചിത പ്രായമാകുമ്പോൾ കൂട്ടത്തിന് പുറത്ത് പോയി ഒറ്റക്കാണ് ഭക്ഷണം തേടുക. മണിക്കൂറിൽ നാല്പത് കിലോമീറ്റർവരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. ശരാശരി എഴുപതുവർഷം വരെയാണ് ആനകളുടെ ജീവിതകാലം. ഇന്ന് ലോകത്ത് മൂന്ന് തരം ആനകളാണുള്ളത്.
ഏഷ്യൻ ആന
Elephas maximus എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവയെ ബാഹ്യഘടനയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും അനുസരിച്ച് ഇന്ത്യൻ ആന, ശ്രീലങ്കൻ ആന, സുമാത്രൻ ആന, ബോർണിയോ പിഗ്മി എന്നിങ്ങനെ തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് സൗന്ദര്യം കൂടുതലുള്ളത് ഇവയ്ക്കാണ്. ശരാശരി 20-21അടി നീളവും ആറ്-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ഭീഷണി അവയുടെ ആവാസവ്യവസ്‌ഥയുടെ നാശമാണ്. ഇത് സ്വാഭാവികമായും മനുഷ്യൻ ആന സംഘർഷത്തിലേക്ക് നയിക്കുന്നു. ഏറ്റവും ഒടുവിലായി കേരളത്തിൽ തന്നെ കൈതചക്കയിൽ കരുതിയ സ്ഫോടകവസ്തു കഴിച്ച് ചെരിഞ്ഞ ഗർഭിണിയായ കാട്ടാനയുടെ ചിത്രം തീരാവേദനയായി നമുക്ക് മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് 65 ഓളം വന്യജീവി സംഘടനകളുടെയും നിരവധി വ്യക്തികളുടെയും പിന്തുണയോടെയാണ് ഇത്തവണ ലോക ആനദിനം ആചരിക്കുന്നത്
.
ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം പത്തനംതിട്ട ജില്ലയിലെ ഗവിയിലാണ്.കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മനുഷ്യനുമായുള്ള പോരാട്ടത്തിൽ വർഷം 100 ആനകളെങ്കിലും കൊല്ലപ്പെടുകയും അവ കാരണം 500 ആളുകൾ മരിക്കുകയും ചെയ്യുന്നുണ്ട്.
ആനകളെ ഉപദ്രവിച്ചാൽ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷം തടവും 2500 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്
നാട്ടാന പരിപാലനം
കേരളത്തിലെ ആകെയുള്ള നാട്ടാനകൾ 521 ആണ്. അതിൽ തന്നെ കേരളത്തിൽ നിന്നുള്ളവ128 മാത്രമാണ്. കേരളത്തിന് പുറത്തുള്ളവ: 393 എണ്ണം വരും. ഇന്ത്യയിൽ ആനപിടിത്തം നിരോധിച്ചത് 1973 ലാണ്. അഞ്ചു വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ ആനകളുടെ കണക്കെടുക്കുന്നത്.
ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനും കൗതുകത്തിനായി കൊമ്പും നഖവും വാല്‍രോമങ്ങളും പിഴുതെടുക്കാനും കരിവീരനെ ഉപയോഗിക്കുമ്പോള്‍ ഒന്നോര്‍ക്കണം. അതും ഒരു പാവം ജീവിയാണ്. നമ്മേ പോലെ തന്നെ ഭൂമിയുടെ അവകാശിയുമാണ്. സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാന്‍ അവകാശമുള്ള, ഭൂമിയുടെ അനേകായിരം അവകാശികളിൽ ഒന്ന്.